ചരിത്രം കുറിച്ച് 250 പട്ടയം റെഡി; കുട്ടമ്പുഴക്കാരുടെ കാത്തിരിപ്പിന് വിരാമം

post

എറണാകുളം: കോവിഡ്, കോതമംഗലത്തെ   പട്ടയ വിതരണത്തിന് തടസമായില്ല. വര്‍ഷങ്ങളായി അപേക്ഷ നല്‍കി കാത്തിരുന്ന താലൂക്കിലെ 150 പേരുടേതുള്‍പ്പെടെ ജില്ലയിലെ 250 പേരുടെ പട്ടയം വിതരണത്തിന് തയ്യാര്‍. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ,  കോട്ടപ്പടി പ്രദേശങ്ങളില്‍ പതിറ്റാണ്ടുകളായി ഭൂമി കൈവശംവച്ചനുഭവിച്ച് വന്നിരുന്ന ഭൂവുടമകള്‍ക്ക് പട്ടയമെന്ന സ്വപനം സഫലമാവുകയാണ്. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം എ. ഡി.എം.സാബു.കെ. ഐസക്,  കോതമംഗലം തഹസില്‍ദാര്‍ റെയ്ച്ചല്‍ .കെ. വര്‍ഗീസ് എല്‍.ആര്‍. തഹസില്‍ദാര്‍ നാസര്‍.കെ എം എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പുദ്യോഗസ്ഥര്‍ നടത്തിയ കഠിന പ്രയത്‌നത്തിനൊടുവിലാണ്  നിയമക്കുരുക്കുകളില്‍പ്പെട്ട് മുടങ്ങിക്കിടന്നിരുന്ന,  പോക്ക് വരവ് ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. 

കുട്ടമ്പുഴ മേഖലയില്‍ 50 വര്‍ഷത്തിലേറെയായി ഭൂമി കൈവശം വച്ച് കൃഷി ചെയ്തു വന്നിരന്ന കര്‍ഷകര്‍ ഹില്‍മെന്‍ സെറ്റില്‍മെന്റ് പ്രദേശത്തുള്‍പ്പെടുന്നു എന്ന നിയമ തടസ്സത്തിന്റെ പേരില്‍ 15 സെന്റ് ഭൂമിയില്‍ വീട് വക്കുന്നതിന് മാത്രമായിരുന്നു ഇത് വരെ പട്ടയമനുവദിച്ചിരുന്നത്. ഇതു മൂലം സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെട്ടു.  ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവന്ന് നിയമ തടസ്സങ്ങള്‍ നീക്കുകയും കുട്ടമ്പുഴ മേഖലയിലെ മുന്നോറോളം വരുന്ന ഭൂവുടമകള്‍ക്കുള്ള പട്ടയ നടപടി ത്വരിതപ്പെടുത്തുകയുമുണ്ടായി.ഇതില്‍ 110 പേര്‍ക്കുള്ള പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

കോട്ടപ്പടി വില്ലേജില്‍ മുട്ടത്തു പറ കോളനിയില്‍ താമസിക്കുന്ന നിര്‍ധനരായ 11 പേര്‍ക്കുള്ള പട്ടയമാണ് തയ്യാറായിട്ടുള്ളത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി  പുറമ്പോക്കില്‍ വീട് വച്ച് താമസിച്ചു വന്നവരാണിവര്‍. സര്‍ക്കാര്‍ രേഖകളില്‍ ഭൂമിയില്ലാത്ത ഇവര്‍ക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള സര്‍ക്കാര്‍ സഹായമുള്‍പ്പടെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന മുട്ടത്തു പാറ കോളനി നിവാസികളുടെ ദുരിത ജീവിതം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ പ്രദേശത്ത് പട്ടയ വിതരണ നടപടികള്‍ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിച്ചത്. ഈ പ്രദേശത്തുള്ളവരുടെ സ്വപ്നമാണ് ഇപ്പോള്‍ സഫലമാകുന്നത്.

കോട്ടപ്പടി വില്ലേജിലെ വടാശ്ശേരി ഭാഗത്ത് കിടപ്പ് രോഗിയായ അവശതയനുഭവിക്കുന്നയാള്‍ക്കും പട്ടയം നല്‍കും. 1993 മുതല്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഇദ്ദേഹം പ്രയാധിക്യം മൂലം ദുരിതമനുഭവിക്കുകയാണ്. വിവിധ നിയമ തടസ്സങ്ങളില്‍പ്പെട്ട് പട്ടയ നടപടികള്‍ മുടങ്ങി കിടക്കുകയായിരുന്നു. പൊളിഞ്ഞ് വീഴാറായ ഷെഡ്ഢില്‍ വര്‍ഷങ്ങളായി തനിച്ച് താമസിച്ചു വരികയായിരുന്നു. ഇദ്ദേഹത്തിനും പ്രത്യേക പരിഗണന നല്‍കി പട്ടയം നല്‍കും.

തൃക്കാരിയൂര്‍ വില്ലേജില്‍ നിയമതടസ്സങ്ങളില്‍പ്പെട്ട് വലയുകയായിരുന്ന കാന്‍സര്‍ രോഗിക്കും അദാലത്തിലുള്‍പ്പെടുത്തി ഭൂമി നല്‍കുന്നതിന് നടപടി സ്വീകരിച്ചു. മുപ്പത് വര്‍ഷത്തിലേറെയായി കരമടക്കാന്‍ നിര്‍വ്വാഹമില്ലാതെ, ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.

താലൂക്ക് തല  സര്‍ക്കാര്‍ അദാലത്തിനോടനുബന്ധിച്ച് പട്ടയ വിതരണം നിര്‍വ്വഹിക്കും. നേര്യമംഗലം വില്ലേജില്‍ ഭൂമി കൈവശം വച്ചും വീടുവച്ചും താമസിച്ചു വരുന്ന 13 പേര്‍ക്കുള്ള പട്ടയവും വിതരണത്തിന് തയ്യാറായിട്ടുണ്ട്. പതിനഞ്ചു സെന്റില്‍ കൂടുതല്‍ ഭൂമിയില്‍ കൃഷി ചെയ്തു വരുന്ന കൃഷിക്കാര്‍ക്കുള്ള പട്ടയ വിതരണ നടപടികള്‍ അവസാന ഘട്ടത്തിലാണ്.