വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഒന്നാം സ്ഥാനത്താണ് സംസ്ഥാന സര്‍ക്കാര്‍ : മന്ത്രി എം.എം. മണി

post

മൂലമറ്റം പെറ്റാര്‍ക്കിന്റെ പുതിയ കെട്ടിട സമുച്ചയത്തിന് മന്ത്രി തറക്കല്ലിട്ടു

ഇടുക്കി : ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഒന്നാം സ്ഥാനത്താണ് സംസ്ഥാന സര്‍ക്കാരെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. മൂലമറ്റം പെറ്റാര്‍ക്കിനായി പണിയുന്ന നവീന കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളായ സമ്പൂര്‍ണ്ണ വൈദ്യുതീകരണം, പവര്‍ കട്ട്, ലോഡ് ഷെഡിംഗ് എന്നിവയില്‍ പൂര്‍ണമായും നീതി പാലിക്കാനായി. ഇക്കാലയളവില്‍ സംസ്ഥാനത്തുണ്ടായ വിവിധ ദുരന്തങ്ങളെ അതിജീവിച്ചാണ് വാഗ്ദാനം പാലിക്കാനായത് വലിയ നേട്ടമാണ്. പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും വൈദ്യുതി വകുപ്പില്‍ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായത്. ഇവയെ തരണം ചെയ്തും ജനങ്ങളോട് നല്‍കിയ വാഗ്ദാനം യാഥാര്‍ഥ്യമാക്കാനായി. ഇതിന് പുറമേ വൈദ്യുതി വകുപ്പിന് കീഴില്‍ ഒട്ടനവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ദ്രുതഗതിയില്‍ ഇവ പൂര്‍ത്തിയാക്കും. ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയത്തെക്കുറിച്ചുള്ള പഠനങ്ങള്‍ അതിവേഗം മുന്നോട്ട് പോകുകയാണ്. ഇത് യാഥാര്‍ഥ്യമാകുമ്പോള്‍ വൈദ്യുതി രംഗത്ത് വന്‍ കുതിച്ച് ചാട്ടമാകും ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ സമഗ്ര വികസനത്തിന് കൂടുതല്‍ ശക്തി പകര്‍ന്നുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി മേഖലയുടെ ഉത്പാദന  പ്രസരണ  വിതരണ രംഗങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി  പ്രസംഗത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായ സൗര, ഫിലമെന്റ് രഹിത കേരളം, ട്രാന്‍സ് ഗ്രിഡ്, ദ്യുതി, ഇസേഫ്, ഇമൊബിലിറ്റി എന്നീ പദ്ധതികള്‍ അടങ്ങിയ ഊര്‍ജ്ജ കേരള മിഷനും, കെഫോണ്‍, നിലവ് എന്നീ പദ്ധതികളും ആധുനിക കേരളത്തിന്റെ ഊര്‍ജ്ജ  ഇന്റര്‍നെറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപയുക്തമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ സര്‍ക്കാരും കെഎസ്ഇബി ലിമിറ്റഡും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ബോര്‍ഡിലെ ഉദ്യോഗസ്ഥന്മാരുടെ കര്‍മ്മശേഷിയും പ്രവര്‍ത്തന നൈപുണ്യവും ഉയര്‍ത്തുന്നതിനായി പരിശീലനം നല്‍കുന്നതിനാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് മൂലമറ്റത്ത് പെറ്റാര്‍ക്ക് സ്ഥാപിച്ചത്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക സ്ഥാപനമാണെന്ന പ്രത്യേകതയുമുണ്ടിതിന്.  നിലവില്‍ മൂലമറ്റത്തെ കെഎസ്ഇബി ആസ്ഥാനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കാലാനുസൃതമായ വികസനത്തിന്റെ ഭാഗമായാണ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടസമുച്ചയം പണികഴിപ്പിക്കുന്നത്. 

മൂലമറ്റം എച്ച്.ആര്‍.സി. ഹാളില്‍ വെച്ച് നടന്ന നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍  റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. വിനോദ്, ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജേക്കബ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം സ്‌നേഹന്‍, അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം സുശീല ഗോപി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍.ജോസഫ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഇമ്മാനുവല്‍ ചെറുവള്ളാത്ത്, ആര്‍. തുളസീധരന്‍, ടോമി നാട്ടുനിലം, ജോസ്‌കുട്ടി തുടിയംപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറേഷന്‍ ആന്‍ഡ് പിഇഡി  ചീഫ് എഞ്ചിനീയര്‍ സിജി ജോസ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ചീഫ് എന്‍ജിനീയര്‍ കെ.എന്‍. കലാധരന്‍ സ്വാഗതവും പെറ്റാര്‍ക്ക് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബി.പ്രദീപ് കൃതജ്ഞതയും പറഞ്ഞു. പൂര്‍ണ്ണമായും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തിയത്.