ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനാചരണം ഇന്ന് (ജനുവരി 30)

post

*ഈ വര്‍ഷം ചികിത്സിച്ചത് 170 രോഗികളെ

തിരുവനന്തപുരം : ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനം ആചരിക്കുമ്പോള്‍ എല്ലാവരും കുഷ്ഠരോഗത്തെപ്പറ്റി അവബോധമുള്ളവരായിരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഫെബ്രുവരി 12 വരെ ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണവും സ്പര്‍ശ് ബോധവല്‍ക്കരണ ക്യാമ്പയിനും നടത്തുമെന്നും മന്ത്രി അറിയിച്ചു. തുടക്കത്തില്‍ രോഗനിര്‍ണയം നടത്തുകയും യഥാസമയം ചികിത്സ പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിലൂടെ കുഷ്ഠ രോഗത്തോടനുബന്ധിച്ചുണ്ടാകുന്ന അംഗവൈകല്യം ഒഴിവാക്കാനാകും എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. കര്‍ശനമായ കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കിയതിലൂടെ കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്ത് ഒട്ടനവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനത്തിനായി. 201718ല്‍ 520 രോഗികളെയും 201819 ല്‍ 705 രോഗികളെയും 2019 20 ല്‍ 675 രോഗികളെയും, 2021ല്‍ 170 രോഗികളെയും പുതിയതായി കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കുവാന്‍ കഴിഞ്ഞു.

2018ല്‍ ആരംഭിച്ച അശ്വമേധം കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായ സ്പര്‍ശിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നു.  ഇതോടൊപ്പം അശ്വമേധം മൂന്നാംഘട്ടത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഈ വര്‍ഷം നടപ്പിലാക്കുന്ന എല്‍സ  (Eradication of Leprsoy through Self reporting & Awareness) കോവിഡ് പശ്ചാത്തലത്തില്‍ നിരന്തര ബോധവല്‍ക്കരണത്തിലൂടെ കുഷ്ഠ രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉള്ളവരെ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും പ്രേരിപ്പിക്കുന്നു. കുഷ്ഠരോഗ ചികിത്സ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ടെലി മെഡിസിന്‍ സംരംഭമായ ഇസഞ്ജീവനിയിലൂടെയും ചികിത്സ ലഭ്യമാക്കി.

2021 ല്‍ നടക്കുന്ന മറ്റൊരു കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജന പദ്ധതിയാണ് ആക്ടീവ് കേസ് ഡിറ്റന്‍ഷന്‍ ആന്‍ഡ് റെഗുലര്‍ സര്‍വയലന്‍സ് ഫോര്‍ ലെപ്രസി  (ACD & RS) സര്‍വേ.  പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള വോളണ്ടിയര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തുകയും രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി യഥാസമയം ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നു.