ചങ്ങാതി പദ്ധതി : മലയാളത്തെ 'ചങ്ങാതി'യാക്കി 298 പഠിതാക്കള്‍

post

ഒന്നാം റാങ്ക് നേടി ഏക വനിത റോമിയ കാത്തൂര്‍

കൊല്ലം: സംസാരിക്കാന്‍ അറിയാമെങ്കിലും റോമിയക്ക് മലയാളം അത്ര  വഴങ്ങിയിരുന്നില്ല. പക്ഷെ  മലയാളത്തെ ചങ്ങാതിയാക്കി  റോമിയ നേടിയത് നൂറില്‍ നൂറ് മാര്‍ക്ക്. ആറര വര്‍ഷമായി ഉമയനല്ലൂരില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശിനി റോമിയ കൈക്കുഞ്ഞുമായാണ് പരീക്ഷയ്ക്ക് എത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്റെ 'ചങ്ങാതി'  മികവുത്സവം 2020 പദ്ധതിയുടെ ഭാഗമായിരുന്നു പരീക്ഷ. ഏക വനിതാ സാന്നിധ്യമായി എത്തിയ റോമിയ ഉള്‍പ്പടെ  ജില്ലയില്‍  298 പേര്‍ പരീക്ഷ എഴുതി. മയ്യനാട് പഞ്ചായത്തിലെ വെള്ളമണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു പരീക്ഷാ കേന്ദ്രം.
ഒഡീഷ, പശ്ചിമ ബംഗാള്‍, ബീഹാര്‍, അസം, ജാര്‍ഖണ്ഡ്  തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പരീക്ഷ എഴുതി.   ബംഗാള്‍ സ്വദേശികളായിരുന്നു എണ്ണത്തില്‍ മുന്നില്‍. ചോദ്യം ക്ലാസ്സില്‍ വായിക്കുകയും പഠിതാക്കള്‍ ഉത്തരകടലാസില്‍ എഴുതുകയുമായിരുന്നു.  വായിക്കുന്ന ചോദ്യങ്ങളില്‍ അവ്യക്തത തോന്നുന്ന ഭാഗങ്ങള്‍ വിശദീകരിച്ചും നല്‍കി. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ മൂന്ന് ക്ലാസ് മുറികളില്‍ ആയാണ് നടത്തിയത്. ജില്ലയില്‍ പെരിനാട് പഞ്ചായത്തിലാണ് ഇതിനു മുമ്പ് ചങ്ങാതി പദ്ധതി നടപ്പിലാക്കിയത്.
മികവുത്സവം2020 അറിവ് പരിശോധനയുടെ ഉദ്ഘാടനം മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ലക്ഷ്മണന്‍ നിര്‍വഹിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പ്രദീപ്കുമാര്‍, ജോയിന്റ് കോഓര്‍ഡിനേറ്റര്‍ അജിത്കുമാര്‍, സാക്ഷരതാ പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.