ജില്ലയില്‍ കോവിഡ് പരിശോധന ശക്തമാക്കുന്നു

post

മലപ്പുറം:  ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും കോവിഡ് മരണങ്ങള്‍ കുറക്കുന്നതിനും പനി, ജലദോഷം, തൊണ്ടവേദന, വയറുവേദന, വയറിളക്കം, കടുത്ത ക്ഷീണം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

കഴിഞ്ഞ രണ്ട് ആഴ്ച്ചയായി കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ജില്ലയില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്. ഇതോടൊപ്പം കോവിഡ് മരണങ്ങളും വര്‍ധിക്കുന്നുണ്ട്. ഒരു മാസത്തിനകം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് (നൂറു പേരെ പരിശോധിക്കുമ്പോള്‍ അതില്‍ എത്ര പേര്‍ പൊസിറ്റീവ് ആകുന്നു എന്ന നിരക്ക്) പത്തിനു താഴെ കൊണ്ട് വരുന്നതിനും മരണനിരക്ക് കുറക്കുന്നതിനുമാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കണ്ടുപിടിക്കപ്പെടാതെ പോകുന്ന കോവിഡ് രോഗികള്‍ക്ക് പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും വലിയ ബുദ്ധിമുട്ടുകളൊന്നും കൂടാതെ തന്നെ ചിലപ്പോള്‍ രോഗം മാറാനും സാധ്യതയുണ്ട്. എങ്കിലും അവരുമായി അടുത്തിടപഴകുന്ന പ്രായമായവര്‍ക്കും, കിടപ്പ്‌രോഗികള്‍ക്കും, പ്രമേഹം, അമിതവണ്ണം പോലുള്ള ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ക്കും ഇവരില്‍ നിന്നും രോഗപ്പകര്‍ച്ച ഉണ്ടാകാനും ഗുരുതരാവസ്ഥയിലേക്ക് പോകാനും സാധ്യതയുണ്ട്. കൂടാതെ കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ അഞ്ചു ദിവസങ്ങള്‍ക്ക് ശേഷവും കേരളത്തിന് പുറത്ത് നിന്നും വരുന്നവര്‍ ഏഴു ദിവസങ്ങള്‍ക്ക് ശേഷവും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനെയും ടെസ്റ്റ് ചെയ്യേണ്ടതാണ്.

ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയാല്‍ കൂടുതല്‍ രോഗബാധിതരായവരെ കണ്ടെത്താന്‍ സാധ്യമാവുകയും നേരത്തെതന്നെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നത് വഴി രോഗപ്പകര്‍ച്ച തടയാനും ഗുരുതരാവസ്ഥയിലേക്ക് പോകാതെ ചികിത്സകള്‍ ആവശ്യമായവര്‍ക്ക് നല്‍കാനും കഴിയുന്നതാണ്. കോവിഡ് പരിശോധനക്കായി വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ പ്രാഥമിക, സാമൂഹികാ ആരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവടങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് വരെ  ജനങ്ങള്‍ക്ക് കോവിഡ് രോഗ പരിശോധന സൗജന്യമായി നടത്താമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.