റോഡപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

post

കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുത്തു

ആലപ്പുഴ: കൊമ്മാടി മുതല്‍ കളര്‍കോട് വരെ നീളുന്ന ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. ഇതോടെ ആലപ്പുഴയുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് ശുഭവിരാമമായത്.

കേരളത്തിലെ റോഡപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകും. റോഡ് അപകടങ്ങളില്‍ പൊലിയുന്ന ജീവനുകളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തില്‍, പ്രത്യേകിച്ച് ഹൈവേ വികസനത്തില്‍ കഴിഞ്ഞ നാലര വര്‍ഷത്തില്‍ വലിയ മുന്നേറ്റമാണ് കേരളം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 12,291 കോടി രൂപയുടെ ഏഴു പദ്ധതികള്‍ക്കാണ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ തുടക്കമിട്ടത്. കഴിഞ്ഞ നാലര വര്‍ഷത്തില്‍ കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപ്പാസ്, കുണ്ടന്നൂര്‍, വൈറ്റില പാലങ്ങള്‍ ഉള്‍പ്പടെ നാല് പ്രധാനപ്പെട്ട പാലങ്ങളാണ് സര്‍ക്കാര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലാരിവട്ടം പാലം മേയില്‍ നാടിനു സമര്‍പ്പിക്കും. നൂറ് വര്‍ഷം ഗ്യാരന്റിയുള്ള പാലമാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി നിര്‍ദ്ദേശിച്ചതു പോലെ ഡല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് യാത്രകള്‍ക്ക് നിയന്ത്രണമുണ്ടായതിനാലാണ് ഇത് വൈകിയത്. കയര്‍, പഌസ്റ്റിക്, റബര്‍ എന്നിവ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണം പൊതുമരാമത്ത് വകുപ്പ് നടത്തുന്നുണ്ട്. ഇത് ദേശീയ പാത നിര്‍മാണത്തിന് ഉപയോഗിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.

348 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴ ബൈപ്പാസ് യഥാര്‍ത്ഥ്യമാക്കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 174 കോടി രൂപ വീതമാണ് ഇതിനായി ചെലവഴിച്ചത്. എത്ര വലിയ പദ്ധതിയും കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് മനോഹരമായി ചെയ്യാനാവുമെന്ന് ആലപ്പുഴ ബൈപ്പാസ് തെളിയിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ റിംഗ് റോഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്ര സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലയിലുള്ളവര്‍ക്ക് മാത്രമല്ല, ഇതുവഴി കടന്നു പോകുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം അഭിമാനം പകരുന്ന പദ്ധതിയാണിത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനം ജനങ്ങളുടെ ജീവിതത്തില്‍ എങ്ങനെ മാറ്റമുണ്ടാക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആലപ്പുഴ ബൈപ്പാസ്.

സംസ്ഥാനത്തിന്റെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ജനങ്ങള്‍ക്ക് ആശ്വാസമേകാനും ബൈപ്പാസ് ഉപകരിക്കുമെന്ന് മുഖ്യ മന്ത്രിക്കൊപ്പം ഉദ്ഘാടനം നിര്‍വഹിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗരി പറഞ്ഞു. വിനോദ സഞ്ചാര മേഖലയ്ക്കും ഇത് മുതല്‍ക്കൂട്ടാകും. പദ്ധതി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതിന് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്തി ജി.സുധാകരനെയും അദ്ദേഹം അഭിനന്ദിച്ചു.

1702 കിലോമീറ്ററാണ് കേരളത്തിലെ ദേശീയപാതയുടെ നീളം. 2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 580കിലോമിറ്റര്‍ ദേശീയപാതയാണ് സംസ്ഥാനത്ത് മാത്രം നിര്‍മ്മിച്ചത്. രാജ്യത്തെ എറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ഭാരത് മാലാ പരിയോജനയുടെ ഭാഗമായി സംസ്ഥാനത്തടുനീളം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാനപ്പെട്ട പല റോഡുകളുടേയും നിര്‍മ്മാണം നടന്നു വരുന്നു. അമ്പതിനായിരം കോടി രൂപ ചെലവലില്‍  നിര്‍മിക്കുന്ന മുംബൈ കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ  ഭാഗമായി സംസ്ഥാനത്ത് 650 കിമി നീളത്തില്‍ 23 പദ്ധതികളാണ് നടത്തുക.

റോഡപകടങ്ങളാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. അവ കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തെ ദേശീയപാതകളില്‍ 227 ബ്ലാക്‌സ്‌പോട്ടുകളാണുള്ളത്. അവ പരിഹരിക്കാനുള്ള നടപടികള്‍ എടുത്തുവരുകയാണ്.  കയര്‍, ചണം എന്നിവ ഉപയോഗിച്ച് റോഡും ബാരിയറും നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പഠനം നടക്കുകയാണെന്നും അവ ഉടന്‍ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് വഴി സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ ശ്രഷ്ടിക്കാന്‍ സാധിക്കും. 202021 കാലയളവില്‍ 177 കിലോമീറ്റര്‍ റോഡ്  604 കോടി രൂപ ചെലവില്‍ കേരളത്തില്‍ നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നാലുവരി പാതയായ എന്‍.എച്ച്.66ലെ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള 13 കിലോമീറ്റര്‍ ദുരം എലിവേറ്റഡ് ആറുവരി പാതയാക്കുന്നത് പരിഗണനയിലാണ്.

?കേരളത്തിന്റെ വികസനത്തിന് പുതിയ പാതകള്‍ വെട്ടി തെളിയിക്കുന്നതാണ് ആലപ്പുഴ ബൈപ്പാസ് എന്ന് പ്രധാന സാന്നിധ്യമായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരളത്തിലെ റോഡുകളുടെ നിലവാരത്തില്‍ വലിയ മാറ്റം കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഇടപെടല്‍ വഴി ഉണ്ടായി.  ചടുല സ്വഭാവമുള്ള കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയും വികസനത്തിന് പ്രാമുഖ്യം നല്‍കുന്ന മുഖ്യമന്ത്രിയും   പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും ബൈപ്പാസ്  നിര്‍മാണം വേഗത്തിലാക്കുന്നതിന് കഠിന പ്രയത്‌നം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍, കേന്ദ്ര സഹമന്ത്രിമാരായ വി.കെ. സിംഗ്, വി. മുരളീധരന്‍, എ. എം. ആരിഫ് എം.പി, നഗരസഭാധ്യക്ഷ സൗമ്യരാജ് എന്നിവര്‍ സംബന്ധിച്ചു.