ഊര്‍ജ്ജ ഉത്പാദനത്തിനൊപ്പം ഊര്‍ജ്ജ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നു: വൈദ്യുതി മന്ത്രി എം എം മണി

post

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു


ഇടുക്കി : ഊര്‍ജ ഉത്പാദനത്തിനൊപ്പം ഊര്‍ജ സംരക്ഷണത്തിനും വൈദ്യുത വകുപ്പ് പ്രാധാന്യം നല്‍കുന്നുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ഒരു മെഗാവാട്ട് വൈദ്യുതി  ഉത്പാദിപ്പിക്കാന്‍ ചിലവാകുന്ന തുകയുടെ ഒരു ശതമാനം ചിലവാക്കിയാല്‍ അത്രയും വൈദ്യുതി സംരക്ഷിക്കാനാകും. അതിനാല്‍ വൈദ്യുതി സംരക്ഷണത്തിന്  പ്രാധാന്യം നല്‍കിയാണ് കെ എസ് ഇ ബി  എല്‍ ഇ ഡി ബള്‍ബ് വിതരണം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്.   ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, അതിഥി മന്ദിരം (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം ഏര്‍ലി വാണിംങ് ഓഫ് സ്റ്റക്ച്ചറല്‍ ഹെല്‍ത്ത് മോണിറ്ററിംഗ് ആന്റ് ഇന്റര്‍പെര്‍റ്റേഷന്‍ ഫോര്‍ ഡാംസ് (രശ്മി ഫോര്‍ ഡാംസ്) എന്നിവയുടെ  ഉദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം സമ്പൂര്‍ണ വൈദ്യുതികരണം നടപ്പാക്കിയതിനൊപ്പം, പവര്‍ കട്ട് ലോഡ് ഷഡ്ഡിംഗ് എന്നിവ ഒഴിവാക്കാനും സാധിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇടുക്കിയില്‍ രണ്ടാം ജലവൈദ്യുത നിലയത്തിനുള്ള സാധ്യതകള്‍ തേടുന്നുണ്ട്. കേന്ദ്ര ഏജന്‍സിയുടെ പരിശോധനകള്‍ നടക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു. ജല താപ വൈദ്യുതി ഉത്പാദന ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനത്തിനും കെ എസ് ഇ ബി പ്രാധാന്യം നല്‍കുന്നുണ്ട്. ആയിരം മെഗാവാട്ടിന്റെ സൗരോര്‍ജ വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം വക്കുന്നത്. സൗരോര്‍ജ രംഗത്ത് കേന്ദ്രികരിക്കാന്‍ ലക്ഷ്യം വച്ചുള്ള കര്‍മ്മ പദ്ധതികളും കെ എസ് ഇ ബി നടപ്പാക്കുന്നുണ്ട്. ഗുണമേന്‍മയുള്ള വൈദ്യുതി തടസങ്ങളില്ലാതെ ഉപഭോക്താവില്‍ എത്തിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് വൈദ്യുത ബോര്‍ഡ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റോഷി അഗസ്റ്റിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജിജി കെ ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടിന്റു സുഭാഷ്, നിമ്മി വിജയന്‍, കെ.എസ്ഇബി ഡയറക്ടര്‍ ബിബിന്‍ ജോസഫ്, ഡാം സേഫ്റ്റി ചീഫ് എഞ്ചിനിയര്‍ സുപ്രീയ എസ്, കെ എസ് ഇ ബി ജനറേഷന്‍ ആന്റ് ഇലക്ട്രിക്കല്‍  ഡയറക്ടര്‍ ആര്‍ സുകു തുടങ്ങിയവര്‍ സംസാരിച്ചു.