സംസ്ഥാനം കൈവരിച്ച പുരോഗതി സമൂഹത്തിലെ എല്ലാ വിഭാഗത്തേയും ശാക്തീകരിക്കുന്നു: ഗവര്‍ണര്‍

post

തിരുവനന്തപുരം: കേരളം വിവിധ മേഖലകളില്‍ കൈവരിച്ച പുരോഗതി നാളെയുടെ ഇന്ത്യയെ ശക്തിപ്പെടുത്തും വിധം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഫലപ്രദമായി ശാക്തീകരിക്കുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ നല്‍കിയ സന്ദേശത്തിലാണ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി. നീതി ആയോഗിന്റെ ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ ഇന്‍ഡക്സിലും സംസ്ഥാനം ഒന്നാമതായി. വിദ്യ കൊണ്ട് പ്രബുദ്ധരാകാന്‍ ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സംസ്ഥാനത്തെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് തുടക്കം കുറിച്ചതും കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ആന്റ് ടെക്നോളജി സ്ഥാപിച്ചതും ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ പ്രധാന നേട്ടങ്ങളാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ് ഒരുക്കാനുള്ള കേരളത്തിന്റെ നടപടി പ്രചോദനകരമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിട്ട മേഖലകളില്‍ ആവശ്യമായ ഇന്റര്‍നെറ്റ് സംവിധാനവും കുട്ടികള്‍ക്ക് ടെലിവിഷനും ലഭ്യമാക്കാന്‍ ഫലപ്രദമായ നടപടിയുണ്ടായി. ഗോത്രമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആറായിരം പഠന മുറികളും നിര്‍മിച്ചു.  

വീടില്ലാത്തവര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുകള്‍ ലഭ്യമാക്കിയ നടപടി സംസ്ഥാന സര്‍ക്കാരിന്റെ കരുതലാണ് വെളിവാക്കുന്നത്. പി. എം. എ. വൈ  ലൈഫ് പദ്ധതിയിലൂടെ രണ്ടരലക്ഷം വീടുകളാണ് നിര്‍മിച്ചത്.

ബ്രേക്ക് ദ ചെയിന്‍ ഉള്‍പ്പെടെയുള്ള നൂതന ആശയങ്ങളിലൂടെ കേരളം കോവിഡ് 19നെയും ഫലപ്രദമായി നേരിട്ടു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് മരണം ഏറ്റവും കുറഞ്ഞ നിരക്കില്‍ നിലനിര്‍ത്താനും ലോകത്തിന്റെ തന്നെ അഭിനന്ദനം ഏറ്റുവാങ്ങാനും കേരളത്തിന് സാധിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോവിഡിനെ നേരിടുന്നതിനൊപ്പം 674 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 461 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലും ശ്രദ്ധിച്ചു. ക്ഷേമവും കരുതലും എന്ന നയം സ്വീകരിക്കുകയും ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചനുകള്‍ സ്ഥാപിക്കുകയും ചെയ്തു. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റുകളും ലഭ്യമാക്കി.

കോവിഡ് 19ന് എതിരായ രാജ്യത്തിന്റെ പേരാട്ടം വിജയത്തുമ്പത്താണ്. രാജ്യത്താകമാനം കോവിഡ് വാക്സിനേഷന്‍ വലിയ തോതില്‍ നടന്നു വരുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞരും ഡേക്ടര്‍മാരും റെക്കോഡ് സമയത്തില്‍ തയ്യാറാക്കിയ രണ്ട് കോവിഡ് വാക്സിനുകള്‍ ലോകത്തിന്റെയാകെ വിശ്വാസം ആര്‍ജിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ശാസ്ത്രരംഗത്തെ ഇതിഹാസ മുന്നേറ്റമായി ഇതിനെ ചരിത്രം രേഖപ്പെടുത്തും. വാക്സിനുകളുടെ വികസനത്തില്‍ മാത്രമല്ല, വെന്റിലേറ്ററുകളും പി. പി. ഇ കിറ്റുകളും നിര്‍മിക്കുന്നതിലും ഇന്ത്യയുടെ സ്വാശ്രയശീലവും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയും വ്യക്തമാണ്. വസുധൈവ കുടുംബകം എന്ന ഇന്ത്യന്‍ പാരമ്പര്യത്തെ മുന്‍നിര്‍ത്തി കോവിഡിനെ നേരിടാനുള്ള മരുന്നുകളും ഉപകരണങ്ങളും വികസിത രാജ്യങ്ങള്‍ക്കുള്‍പ്പെടെ ഇന്ത്യ വിതരണം ചെയ്തു. ഇത്തരം പ്രവര്‍ത്തിയിലൂടെ ലോകത്തിന്റെ ഫാര്‍മസിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസിത സുശക്ത സ്വാശ്രയ ഭാരതം; സുന്ദര സ്വയംപര്യാപ്ത നവകേരളം എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും ഇതിനായി ഒരുമയോടെ മുന്നേറാമെന്നും ഗവര്‍ണര്‍ പറഞ്ഞു. രാവിലെ ഒന്‍പത് മണിക്കാണ് ഗവര്‍ണര്‍ പതാക ഉയര്‍ത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ബിനോയ് വിശ്വം എം. പി, എം. എല്‍. എമാരായ ഒ. രാജഗോപാല്‍, വി. എസ്. ശിവകുമാര്‍, വി. കെ. പ്രശാന്ത്, എം. വിന്‍സെന്റ്, ഗവര്‍ണറുടെ പത്നി രേഷ്മ ആരിഫ്, മുഖ്യമന്ത്രിയുടെ പത്നി കമല, ഗവര്‍ണറുടെ കുടുംബാംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, സേനാ, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സതേണ്‍ എയര്‍കമാന്‍ഡ് സ്‌ക്വാഡ്രണ്‍ ലീഡര്‍ ബിക്രം സിന്‍ഹയായിരുന്നു പരേഡ് കമാന്‍ഡര്‍. ഗര്‍വാര്‍ റൈഫിള്‍സ് പതിമൂന്നാം ബറ്റാലിയനിലെ ലെഫ്റ്റനന്റ് ഹര്‍കിരത് സിംഗ് റയാത് സെക്കന്റ് ഇന്‍ കമാന്‍ഡായി. ഭാരതീയ കരസേന, വ്യോമസേന, കേന്ദ്ര റിസര്‍വ് പോലീസ്, സ്പെഷ്യല്‍ ആംഡ് പോലീസ്, തിരുവനന്തപുരം സിറ്റി പോലീസ്, എന്‍. സി. സി സീനിയര്‍ ഡിവിഷന്‍ ആണ്‍കുട്ടികള്‍, സീനിയര്‍ വിംഗ് പെണ്‍കുട്ടികള്‍ എന്നിവയുടെ ഘടകങ്ങള്‍ അണിനിരന്നു. തിരുവനന്തപുരം സിറ്റി പോലീസ്, കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍ എന്നിവയുടെ ബാന്‍ഡുകള്‍ പങ്കെടുത്തു.