ഹരിതം മനോഹരം ജില്ലാ ജയില്‍

post

കാസര്‍കോട്: ജൈവ പച്ചക്കറി കൃഷി, പൂന്തോട്ടം, ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള റീചാര്‍ജിങ് യൂണിറ്റ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ജയിലിലെ അന്തേവാസികളുടെയും ജയിലധികൃതരുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായി ഹോസ്ദുര്‍ഗ് ജയിലില്‍  നടപ്പിലാക്കി വരുന്നത്. വഴുതിന, വെണ്ട, ചീര, തക്കാളി, ക്യാബേജ്, കോളിഫ്ളവര്‍, മരിച്ചീനി തുടങ്ങി വിവിധങ്ങളായ പച്ചക്കറികളും പാഷന്‍ ഫ്രൂട്ട്, മുന്തിരി അടക്കമുള്ള ഫലങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. സ്ഥല പരിമിതി മൂലം ഗ്രോബാഗ് കൃഷിയാണ് നടക്കുന്നത്. ബയോഗ്യാസ് പ്ലാന്റും നൂറ് ശതമാനം വിജയമാണ്.

ഊര്‍ജ സംരക്ഷണ മേഖലയിലെ  ഫിലമെന്റ് രഹിത ജയില്‍ പദ്ധതിയും പുരോഗമിക്കുകയാണ്.  ജയില്‍ ആവശ്യങ്ങള്‍ക്കായി ഇവിടെത്തന്നെ നിര്‍മിച്ച എല്‍ ഇ ഡി ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. സൗരോര്‍ജ വൈദ്യുതിയും ജയിലില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്നോണം മഴവെള്ള റീചാര്‍ജിങ് യൂണിറ്റുണ്ട്. ടെറസ്സിലെ മഴവെള്ളം ഫില്‍റ്റര്‍ ചെയ്ത് കിണറിലേക്ക്  എത്തിച്ച് കിണര്‍ റീചാര്‍ജ് ചെയ്യുന്നു. സമീപത്തെ വീടുകള്‍ക്കടക്കം ഇതിലൂടെ പ്രയോജനം ലഭിക്കുന്നു. ജാമ്യം നേടിയും ശിക്ഷ കഴിഞ്ഞും ജയിലിനു പുറത്ത് പോകുന്ന അന്തേവാസികള്‍ക്ക്  ഫലവൃക്ഷ തൈകള്‍ നല്‍കുന്ന മനം ഹരിതാഭം പദ്ധതിയും ജയിലില്‍ നടപ്പിലാക്കുന്നുണ്ട്. ഒരുതരത്തിലുള്ള ഡിസ്‌പോസിബിള്‍ വസ്തുക്കളും ഉപയോഗിക്കാതെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തരംതിരിച്ച്  നഗരസഭയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. കൃത്യമായ ഡ്രൈനേജ് സംവിധാനത്തോടു കൂടിയ  വാട്ടര്‍ ട്രീറ്റ്മെന്റ്, വൃത്തിയുള്ള അടുക്കള, ടോയ്‌ലറ്റ്, ജയില്‍ മുറികള്‍ തുടങ്ങി പരിസ്ഥിതി സൗഹാര്‍ദ്ദമായ  ജയിലും ചുറ്റുപാടും മാതൃകയാണ്.