ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ

post

ആവാസ് പദ്ധതിയില്‍ 45061 ഇതര സംസ്ഥാന തൊഴിലാളികള്‍

അസംഘടിത തൊഴിലാളി ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ വിതരണം ചെയ്തത് 2.15 കോടി രൂപ

കോഴിക്കോട്: ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് എക്‌സ്‌ഗ്രേഷ്യ ഇനത്തില്‍ അഞ്ചു വര്‍ഷത്തിനിടെ വിതരണം ചെയ്തത് 1,29,08,000 രൂപ.1,032 വ്യവസായ തൊഴില്‍ തര്‍ക്കങ്ങളിലും  ചുമട്ടു തൊഴിലാളി നിയമപ്രകാരമുള്ള 110 തര്‍ക്കങ്ങളിലുമാണ് ഇക്കാലയളവില്‍ പരിഹരമായത്.   

തൊഴിലാളികളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കിയാണ് ജില്ലയിലെ തൊഴില്‍ വകുപ്പ് അഞ്ചു വര്‍ഷം പിന്നിടുന്നത്. മിനിമം വേതനം ഉറപ്പു വരുത്തിയും തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചും തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയുമാണ് വകുപ്പ് സ്തുത്യഹര്‍മായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൊവിഡ് കാലത്തടക്കം, ആയിരക്കണക്കിനുള്ള ഇതര സംസ്ഥാന തൊഴിലാളികളെ ചേര്‍ത്തു പിടിച്ച കേരളത്തിന്റെ കരുതലും സംരക്ഷണവും ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനമായി.

കേരള മരം കയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 166 ഗുണഭോക്താക്കള്‍ക്കായി 1,09,80,000 രൂപയും കേരള മരം കയറ്റ തൊഴിലാളി അവശതാ പെന്‍ഷന്‍ പദ്ധതിയില്‍ 331 ഗുണഭോക്താക്കള്‍ക്കായി 2,10,62,740 രൂപയും വിതരണം ചെയ്തു. അസംഘടിത മേഖല ദിവസ വേതന തൊഴിലാളി ദുരിത നിവാരണ പദ്ധതി പ്രകാരം 566 ഗുണഭോക്താക്കള്‍ക്കായി 11,32,000 രൂപയും അസംഘടിത തൊഴിലാളി ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ 462 ഗുണഭോക്താക്കള്‍ക്കായി 2,15,59,660 രൂപയും നല്‍കി.  തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ വേതനം ലഭ്യമാക്കുന്നതിനും മിനിമം വേതനം ഉറപ്പുവരുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച 'വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം' നടപ്പില്‍ വരുത്തി. ഇതേ തുടര്‍ന്ന് 819 സ്ഥാപനങ്ങളിലായി 9,955 തൊഴിലാളികള്‍ക്ക് വേതന വിതരണം ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കുകയും ചെയ്തു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന 'ആവാസ് പദ്ധതി'യുടെ കീഴില്‍ 45,061 തൊഴിലാളികളെയാണ്  അംഗങ്ങളായി ചേര്‍ത്തത്. പദ്ധതിയുടെ കീഴില്‍ ജില്ലയില്‍ മരണമടഞ്ഞ തൊഴിലാളിയുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും, ചികിത്സാ സഹായമായി തൊഴിലാളികള്‍ക്ക് 12,448 രൂപയും വിതരണം ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ജില്ലയിലെ 49 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും വിവിധ തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച ബോധവത്ക്കരണ ക്യാമ്പുകളും സംഘടിപ്പിച്ചു.

സംസ്ഥാനത്ത് മരണമടയുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഭൗതിക ശരീരം സ്വദേശത്ത് എത്തിക്കുന്നതിന് അനുവദിച്ച റിവോള്‍വിംഗ് ഫണ്ടില്‍ നിന്നും 8 തൊഴിലാളികളുടെ ആശ്രിതര്‍ക്കായി 1,45,000 രൂപ വിതരണംചെയ്തിട്ടുണ്ട്. ഇവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ജില്ലയില്‍ ഒരു ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു. 2019 നവംബര് 18ന് കോഴിക്കോട്ട് ആരംഭിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.  കെഎസ്ഐഡിസി (KSIDC)യുടെ ഐജിസി ( IGC) പാര്‍ക്ക്, കിനാലൂരില്‍ അതിഥി തൊഴിലാളികള്‍ക്കായി നിര്‍മ്മിക്കുന്ന ഹോസ്റ്റലായ 'അപ്നാ ഘര്‍' പദ്ധതിയുടെ ശിലാസ്ഥാപന കര്‍മ്മവും 2020 ഒക്ടോബര്‍ മൂന്നിന്  മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഭവനം ഫൗണ്ടേഷന്‍, കേരള വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.