ന്യൂനപക്ഷങ്ങളെ കൈ പിടിച്ചുയര്‍ത്താന്‍ ജില്ലാ പരിശീലന കേന്ദ്രം

post

കാസര്‍കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിളക്കം കൂട്ടുകയാണ് തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സ്‌കോളര്‍ഷിപ്പുകളും മറ്റ് വിവിധ സ്‌കീമുകളും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് അടക്കമുള്ള തൊഴില്‍ മേഖലകളിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ കൈപിടിച്ചുയര്‍ത്തുകയാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ജില്ലയിലുള്ള പരിശീലന കേന്ദ്രമായ കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്. പരിശീലന കേന്ദ്രത്തില്‍ നിന്ന് ഇതിനകം പഠിച്ചിറങ്ങിയത് 1700 വിദ്യാര്‍ഥികളാണ്. ഇവരില്‍ 126 പേര്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍വീസുകളില്‍ ജോലിയില്‍ പ്രവേശിച്ചു. 450 ഓളം പേര്‍ വിവിധ റാങ്ക് ലിസ്റ്റുകളില്‍ അവസരം കാത്തിരിക്കുകയാണ്. 

പരിശീലന കേന്ദ്രത്തില്‍ ഓരോ ബാച്ചിലും 80 ശതമാനം ന്യൂനപക്ഷ ഉദ്യോഗാര്‍ഥികളും 20 ശതമാനം ഒ ബി സി വിഭാഗത്തിലുള്ളവരുമാണ് പരിശീലനം നേടുന്നത്. പരിശീലനം സൗജന്യമാണ്. 18 വയസ്സ് തികഞ്ഞ എസ്എസ്എല്‍സി വിജയിച്ചവര്‍ക്കാണ് അവസരം. ആറ് മാസത്തെ പരിശീലന ക്ലാസുകള്‍ക്ക് 25 പേരടങ്ങിയ വിദഗ്ദരായ പരിശീലക സംഘമാണ് നേതൃത്വം നല്‍കുന്നത്. കോവിഡ് കാലത്തും ഓണ്‍ലൈനായി പരിശീലനം നടന്നിരുന്നു. പുതിയ മൂന്നു ബാച്ചുകളുടെ പരിശീലനം ജനുവരി ഒന്നു മുതല്‍ ആരംഭിച്ചു. 

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2010 ലാണ് സംസ്ഥാനത്ത് ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചത്. 2013ല്‍ ചെര്‍ക്കള പുതിയ ബസ്സ്റ്റാന്റ് ടെര്‍മിനലിലാണ് ജില്ലാ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

പഠിച്ചിറങ്ങിയവര്‍ക്ക് തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ 

പരിശീലന കേന്ദ്രത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ റഗുലര്‍ ക്ലാസും ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ക്ലാസുകളും ദിവസവും മത്സര പരീക്ഷയും അവലോകനവും നടക്കുന്നുണ്ട്. ആറുമാസത്തെ പരിശീലനത്തിനു ശേഷം തുടര്‍ന്നും ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. പൂര്‍വ വിദ്യാര്‍ഥികളുടെ സ്റ്റഡി ഗ്രൂപ്പ് രൂപീകരിച്ച് അവര്‍ക്ക് ഒരുമിച്ച് പഠിക്കാനുള്ള സാഹചര്യവും ലൈബ്രറി  ഉപയോഗിക്കാനുള്ള സൗകര്യവും പരിശീലന കേന്ദ്രം നല്‍കുന്നുണ്ടെന്ന് ജില്ലാ ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ. എം ബി ഹംസ പറഞ്ഞു.