വനിതാ കമ്മീഷന്‍ അദാലത്ത്: എതിര്‍കക്ഷികള്‍ ഹാജാരാകാത്ത പ്രവണതയ്‌ക്കെതിരെ നടപടി

post

കാസര്‍ഗോഡ് : അദാലത്തില്‍ പരാതികള്‍ പരിഗണിക്കുമ്പോള്‍ പലപ്പോഴും എതിര്‍കക്ഷികള്‍ ഹാജരാകാത്ത പ്രവണതയുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷാഹിദ കമാല്‍ പറഞ്ഞു. വസ്തു തര്‍ക്കത്തിന്റെ പേരില്‍ ശല്യപ്പെടുത്തുന്നുവെന്ന പരാതിയില്‍ ഗോപാല സാഫല്യ, കുരുടപ്പടവ്, ഉപ്പള, കാസര്‍കോട് എന്ന എതിര്‍ കക്ഷി നാല് തവണ നോട്ടീസ് അയച്ചിട്ടും കമ്മീഷനു മുന്നില്‍ ഹാജരായിട്ടില്ലെന്ന് കമീഷന്‍ അംഗം അറിയിച്ചു. ഫെബ്രുവരിയിലെ അടുത്ത അദാലത്തില്‍ ഇദ്ദേഹത്തെ ഹാജരാക്കാനായി കാസര്‍കോട് ഡിവൈഎസ്പിക്ക്  നിര്‍ദേശം നല്‍കി. പൊലീസിനെ ഉപയോഗിക്കാതെ ഇരു കക്ഷികളെയും വിളിച്ച് പ്രശ്‌നങ്ങള്‍ക്ക് രമ്യമായി പരിഹാരം കാണുകയെന്ന നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചു വരുന്നത്. എതിര്‍ കക്ഷികള്‍ക്ക് കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിന് സൗഹാര്‍ദപരമായ അന്തരീക്ഷം നിലവിലുണ്ട്. എന്നാല്‍ എതിര്‍ കക്ഷികള്‍ തുടര്‍ച്ചയായി ഹാജരാകാത്തിനെ കമ്മീഷന്‍ വളരെ ഗൗരവമായി കാണുന്നുവെന്ന് അവര്‍ പറഞ്ഞു.

കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാഅദാലത്തില്‍ 47 പരാതികളില്‍ 11 എണ്ണം പരിഹരിച്ചു. നാല് പരാതികളില്‍ പോലീസ് അടക്കം വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി. ബാക്കിയുള്ള 32 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. 

ജില്ല, പഞ്ചായത്ത്, വാര്‍ഡ് തല ജാഗ്രത സമിതികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യവാരത്തില്‍ ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്കായി വനിതാ കമ്മീഷനും ജില്ലാ ഭരണകൂടവും സംയുക്തമായി ബോധവത്കരണം സംഘടിപ്പിക്കും. സ്തീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാന്‍ കഴിയുന്നതിന് സാമൂഹ്യ സാഹചര്യവും കുടുംബ പശ്ചാത്തലവും ഒരുക്കുകയെന്നതാണ് ജാഗ്രതാ സമിതികള്‍ കൊണ്ട് വനിതാ കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ സജീവമാക്കി മുന്നോട്ട് പോയാല്‍ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ താഴേതട്ടില്‍തന്നെ പരിഹരിക്കാന്‍ സാധിക്കുമെന്നും ഷാഹിദ കമാല്‍ അഭിപ്രായപ്പെട്ടു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ്എന്‍ സരിത, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ഭാനുമതി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി ഷൈല, ടി ആര്‍ രമ്യത, വനിത സംരക്ഷണ വിഭാഗം ഫാമിലി കൗണ്‍സിലര്‍ രമ്യ ശ്രീനിവാസന്‍ എന്നിവരും അദാലത്ത് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.