ജലവിഭവ വകുപ്പ് നാലുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയത് 396.14 കോടിയുടെ പ്രവര്‍ത്തനങ്ങള്‍

post

പാലക്കാട് : ജില്ലയില്‍ കഴിഞ്ഞ നാല് വര്‍ഷ കാലയളവില്‍ ജലവിഭവ വകുപ്പ്  396.14 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി മുഖേന 203.20 കോടിയുടെ കുടിവെള്ള വിതരണ പദ്ധതികളും കൃഷി, ജലപരിപോഷണത്തിനായി ചെറുകിട ജലസേചന വിഭാഗം മുഖേന 192.94 കോടിയുടെ പ്രവര്‍ത്തനങ്ങളും നടപ്പാക്കി.

ജല അതോറിറ്റി നടപ്പാക്കിയത് 203.20 കോടിയുടെ പദ്ധതികള്‍

കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് 203.20 കോടിയുടെ കുടിവെള്ള വിതരണ പദ്ധതികളാണ് കഴിഞ്ഞ നാലു വര്‍ഷത്തില്‍ ജല അതോറിറ്റി മുഖേന നടപ്പാക്കിയത്. ഇതിന്  പുറമെ 1788.25 കോടിയുടെ പ്രവര്‍ത്തനങ്ങള്‍  നടപ്പാക്കിവരുന്നുമുണ്ട്. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളില്‍ 81 ലും ഏഴു നഗരസഭകളിലും ജല ശുദ്ധീകരണശാലയോട് കൂടിയ സമഗ്ര കുടിവെള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു.  ജലസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തി ശാസ്ത്രീയ ജല ശുദ്ധീകരണശാലയോട് കൂടിയ ഏഴ് ശുദ്ധജലവിതരണ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ജലക്ഷാമം രൂക്ഷമായ ജില്ലയുടെ കിഴക്കന്‍ ഗ്രാമങ്ങളായ എരുത്തേമ്പതി, വടകരപ്പതി ഗ്രാമപഞ്ചായത്തുകളില്‍ ഉപരിതല ജല സ്രോതസ്സ് ഉപയോഗപ്പെടുത്തി ശാസ്ത്രീയമായി ശുദ്ധീകരിച്ച് കുടിവെള്ളം പൈപ്പ് ലൈനിലൂടെ ലഭ്യമാക്കുന്നത് വഴി മേഖലയില്‍ മഴക്കാലത്ത് പോലും നടത്തിയിരുന്ന ടാങ്കര്‍ലോറി കുടിവെള്ള വിതരണം നിര്‍ത്തലാക്കാനും പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കാനായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം ജില്ലയില്‍ 70291 കുടിവെള്ളവിതരണ കണക്ഷനുകളാണ് നല്‍കിയത്. കൂടാതെ ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ 370080 കുടിവെള്ള കണക്ഷനുകളാണ് ജില്ലയില്‍ നല്‍കാന്‍ ലക്ഷ്യമിടുന്നത്.

കുന്നംങ്കാട്ടുപതി ജലശുദ്ധീകരണശാല

ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, എലപ്പുള്ളി പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണശാലയാണ് കുന്നങ്കാട്ടുപതിയില്‍ ഉള്ളത്. നാല് പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കുന്നത് വിഭാവനം ചെയ്ത പദ്ധതിയുടെ ഒന്നാംഘട്ടമാണ് നിലവില്‍ പൂര്‍ത്തിയാക്കിയത്. സ്റ്റേറ്റ് പ്ലാനില്‍ 1370 ലക്ഷത്തിന് അംഗീകാരം ലഭിച്ച പദ്ധതിയില്‍ 18 ദശലക്ഷം ലിറ്റര്‍ പ്രതിദിന ഉത്പ്പാദന ശേഷിയുള്ള ജലശുദ്ധീകരണശാല, പമ്പ്‌സെറ്റ്, എ.ബി.സി പവര്‍ലൈന്‍ എന്നിവ ഉള്‍പ്പെടും.

ചെറുകിട ജലസേചന വിഭാഗം മുഖേന നടപ്പാക്കിയത് 192.94 കോടിയുടെ പ്രവര്‍ത്തനങ്ങള്‍

പാലക്കാട്, ചിറ്റൂര്‍, ഷൊര്‍ണൂര്‍ ചെറുകിട ജലസേചന ഉപവിഭാഗങ്ങള്‍ക്ക് കീഴില്‍ തടയണകള്‍, ചെക്ക് ഡാമുകള്‍ സ്ഥാപിച്ച് കൃഷിക്ക് ഉപകാരപ്രദമാകും വിധം ജലസംഭരണം ഊര്‍ജിതമാക്കാന്‍ സാധിച്ചിട്ടുണ്ട്. തടയണകളുടെ നിര്‍മാണം, ചെക്ക്ഡാമുകള്‍, ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍, റെഗുലേറ്റര്‍ നിര്‍മാണം, കനാല്‍ ശൃംഖലകളുടെ നവീകരണം എന്നിവ നടപ്പാക്കിയതിന് പുറമെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവൃത്തികള്‍, റിവര്‍ മാനേജ്‌മെന്റ് പദ്ധതികള്‍, വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികള്‍ എന്നിവയും വകുപ്പ് മുഖേന പ്രാവര്‍ത്തികമാക്കി വരുന്നു.

നവീകരിച്ച മൂലത്തറ റെഗുലേറ്റര്‍

ചിറ്റൂരിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടാനും ജില്ലയിലെ വരള്‍ച്ചാ ബാധിത പ്രദേശമായ കിഴക്കന്‍ മേഖലയില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും 63.94 കോടി ചെലവില്‍ മൂലത്തറ റെഗുലേറ്റര്‍ നവീകരിച്ചു. ചിറ്റൂര്‍ നഗരസഭയും പ്രദേശത്തെ 17 ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടെ 20440 ഹെക്ടര്‍ പ്രദേശം ജലസേചനത്തിനായി ആശ്രയിക്കുന്നത് ചിറ്റൂര്‍ പുഴയേയാണ്. പറമ്പിക്കുളം ആളിയാര്‍ അന്തര്‍സംസ്ഥാന നദീജല കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റൂര്‍പ്പുഴ പദ്ധതിയുടെ പ്രധാന നിയന്ത്രണ ഘടകമാണ് മൂലത്തറ റെഗുലേറ്റര്‍. 5300 ഹെക്ടര്‍ തെങ്ങും മറ്റു മിശ്രിത വിളകളും 15140 ഹെക്ടര്‍ നെല്‍കൃഷിയും ഉള്‍പ്പെടെ 20440 ഹെക്ടര്‍ പ്രദേശത്തെ ജല സേചനവും കിഴക്കന്‍ മേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യതയും റെഗുലേറ്റര്‍ നവീകരണത്തിലൂടെ ഉറപ്പാക്കി. 218.8 മീറ്റര്‍നീളം, പുതുതായി ആറ് വെന്റ് വേകള്‍ എന്നിവയുള്‍പ്പെടെയാണ് റെഗുലേറ്റര്‍ നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.