സഫലം 2020: ഫയല്‍ അദാലത്ത് അവലോകനയോഗം ചേര്‍ന്നു

post

ഇടുക്കി: ജില്ലയില്‍ തീര്‍പ്പാക്കാത്ത ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുളള ഫയല്‍ അദാലത്തിന് മുന്നോടിയായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൊടുപുഴ താലൂക്കില്‍ ഫെബ്രുവരി 20നും, ഉടുമ്പന്‍ചോല ഫെബ്രുവരി 25നും, ഇടുക്കി ഫെബ്രുവരി 28നും, പീരുമേട് മാര്‍ച്ച് മൂന്നിനും, ദേവികുളത്ത് മാര്‍ച്ച് ആറിനും അദാലത്തുകള്‍ നടത്താനാണ് തീരുമാനമായത്.

ജില്ലയിലെ വിവിധ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ തീര്‍പ്പാക്കുക, പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുക എന്നീ

വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ജില്ലാ കലക്ടര്‍ അഞ്ച് താലൂക്കുകളിലായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. 

പൊതുജനങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍മേലുള്ള പരാതികള്‍ ഓണ്‍ലൈനായി ജനുവരി 20 മുതല്‍ ഫെബ്രുവരി അഞ്ച് വരെ സമര്‍പ്പിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, പ്രകൃതിക്ഷോഭം, റേഷന്‍കാര്‍ഡ്  ബി.പി.എല്‍ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളില്‍ പരാതികള്‍/ അപേക്ഷകള്‍edistrict.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പരാതി പരിഹാര അദാലത്ത് എന്ന ചാനലില്‍ നേരിട്ടോ അക്ഷയ സെന്ററുകള്‍ വഴിയോ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാം. 

യോഗത്തില്‍ ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, ഡെപ്യൂട്ടി കളക്ടര്‍മാരായ എസ് ഹരികുമാര്‍, സാബു കെ ഐസക്, എം എന്‍ രതി, ജോളി ജോസഫ്, എന്‍ഐസി ഓഫീസര്‍ റോയ് ജോസഫ്, ഹുസൂര്‍ ശിരസ്തദാര്‍ മിനി കെ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.