ജില്ലയില്‍ പ്രതിദിന പാലുല്പാദനത്തില്‍ 33 ശതമാനം വര്‍ദ്ധനവ്

post

42.84 കോടിയുടെ ക്ഷീരവികസനം 

പാലക്കാട്: ജില്ലയില്‍ പ്രതിദിന പാല്‍ ഉത്പാദനത്തില്‍ 33 ശതമാനം വര്‍ദ്ധനവാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ഉണ്ടായത്.  പാലുത്പാദനത്തില്‍ സംസ്ഥാന തലത്തില്‍ പാലക്കാട് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതോടൊപ്പം സ്വയംപര്യാപ്തത കൈവരിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ 328 ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം ശരാശരി 3.33 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിച്ച് വരുന്നത്.

ജില്ലയിലെ 263 ക്ഷീരസഹകരണ സംഘങ്ങളില്‍ ഓട്ടോമാറ്റിക് പാല്‍ സംഭരണം നടപ്പാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ 275 ക്ഷീരസംഘങ്ങള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിച്ച് നല്‍കി. പ്രളയത്തില്‍ നാശനഷ്ടമുണ്ടായ ക്ഷീര കര്‍ഷകര്‍ക്ക്  42 ടണ്‍ കാലിത്തീറ്റയും 47 ടണ്‍ തീറ്റപ്പുല്ലും സൗജന്യമായി നല്‍കി. 15 ഹെക്ടര്‍ തരിശ് നിലത്തില്‍ തീറ്റപ്പുല്‍കൃഷി ഒരുക്കി. പാലിന് സബ്‌സിഡി, കറവപ്പശു വിതരണം, കാലിത്തീറ്റ വിതരണം എന്നിവയും വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. ഇതിനായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 42.84 കോടിയാണ് ചെലവഴിച്ചത്.

പ്ലാന്‍ പദ്ധതി പ്രകാരം അഞ്ച് വര്‍ഷങ്ങളിലായി 36.53 കോടിയുടെ ധനസഹായം ക്ഷീര കര്‍ഷകര്‍ക്ക് വകുപ്പ് നല്‍കി.  മില്‍ക്ക് ഷെഡ് ഡവലപ്‌മെന്റ് പദ്ധതി, 3641 കറവപ്പശുക്കള്‍, തീറ്റപ്പുല്‍കൃഷി എന്നിവയ്ക്കും ധനസഹായം നല്‍കിയിട്ടുണ്ട്.

സ്വയംപര്യാപ്ത പാല്‍ ഉത്പാദനം ലക്ഷ്യമിട്ട് ക്ഷീരഗ്രാമം പദ്ധതി

പാല്‍ ഉത്പാദനത്തില്‍ മുന്‍പന്തിയിലുളളതും സാധ്യതകളുളളതുമായ ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്ത് മാതൃക ക്ഷീരഗ്രാമമാക്കി പാലുല്പാദനത്തില്‍ സ്വയം പര്യാപ്തമാക്കുന്ന പദ്ധതിയാണ് 'ക്ഷീരഗ്രാമം'. ഇങ്ങനെ തിരഞ്ഞെടുക്കുന്ന പഞ്ചായത്തുകളില്‍ പദ്ധതിപ്രകാരം തീറ്റപ്പുല്‍കൃഷി വ്യാപിപ്പിച്ച് ഗ്രാമപഞ്ചായത്തിലെ ക്ഷീര സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നു. 2017-18 വര്‍ഷത്തില്‍ പറളി, 2020-21 വര്‍ഷത്തില്‍ കരിമ്പുഴ ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. പറളി ഗ്രാമ പഞ്ചായത്തില്‍ മൂന്നു ക്ഷീര സംഘങ്ങളില്‍ നിന്നുള്ള പാല്‍ സംഭരണം പദ്ധതി നിര്‍വഹണം വഴി 2018- 19 ല്‍ 7.5 ലക്ഷം ലിറ്ററായി ഉയര്‍ന്നു.

കരിമ്പുഴ ഗ്രാമപഞ്ചായത്തില്‍ ഇരുന്നൂറോളം ഗുണഭോക്താക്കളാണ് പദ്ധതിയില്‍ ഉള്ളത്. തീറ്റപ്പുല്‍കൃഷിക്കുള്ള അനുകൂലസാഹചര്യം പഞ്ചായത്തില്‍ ഉള്ളതിനാല്‍ ലാഭകരമായ പശുവളര്‍ത്തലും സാധ്യമാണ്. നിലവില്‍ 42 ഹെക്ടറോളം തീറ്റപ്പുല്‍കൃഷി പഞ്ചായത്തില്‍ ചെയ്തിട്ടുണ്ട്.

കിടാരി പാര്‍ക്കുകള്‍ വഴി കര്‍ഷകര്‍ക്ക് വിറ്റത് 209 പശുക്കള്‍

ഇതര സംസ്ഥാനത്ത് നിന്ന് ഉരുക്കളെ വാങ്ങുമ്പോള്‍ ക്ഷീര കര്‍ഷകര്‍ അനുഭവിക്കുന്ന ചൂഷണം ഒഴിവാക്കുക ലക്ഷ്യമിട്ട് ജില്ലയില്‍ ആരംഭിച്ച രണ്ട് കിടാരി പാര്‍ക്കുകള്‍ വഴി കര്‍ഷകര്‍ക്ക് വിറ്റത് 209 പശുക്കളെയാണ്. ക്ഷീരസഹകരണ സംഘങ്ങളാണ് പശുക്കളെ പരിപാലിക്കുന്നത്. ആകെ 276 കിടാരികളെ വാങ്ങി വളര്‍ത്തിയതില്‍ 72 എണ്ണമാണ് ഇനിയുള്ളത്. സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ഷം സ്ഥാപിക്കുന്ന നാല് കിടാരി പാര്‍ക്കുകളില്‍ രണ്ടെണ്ണം ചിറ്റൂര്‍ ബ്ലോക്കിലെ എരുത്തേമ്പതി പഞ്ചായത്തിലെ കുമരന്നൂര്‍ ക്ഷീര സംഘത്തിലും, പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ക്ഷീര സംഘത്തിലുമാണ് തിരഞ്ഞെടുത്തത്. 50 കിടാരികളെ വീതം വാങ്ങി പശുക്കളാക്കി കര്‍ഷകര്‍ക്ക് വിപണനം നടത്തുകയാണ് കിടാരി പാര്‍ക്കുകളിലൂടെ ലക്ഷ്യമിട്ടത്. പാര്‍ക്ക് ഒന്നിന് 15 ലക്ഷം രൂപയാണ് ക്ഷീര വികസന വകുപ്പ് ധനസഹായമായി സംഘങ്ങള്‍ക്ക് നല്‍കി വരുന്നത്.  നിലവില്‍ കൃഷ്ണഗിരി, ഹരിയാന, പല്ലടം, കുന്നത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് കിടാരികളെ എത്തിച്ചിരിക്കുന്നത്.