മൂവാറ്റുപുഴയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളം പരിഗണനയില്‍; മന്ത്രി കടംപള്ളി സുരേന്ദ്രന്‍

post

മൂവാറ്റുപുഴ:  ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മൂവാറ്റുപുഴയില്‍ ഇടത്താവളമൊരുക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. എം.സി.റോഡ് വഴി ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മൂവാറ്റുപുഴയില്‍ ഇടത്താവളമൊരുക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം ശ്രീ മഹാദേവ ക്ഷേത്രം, പുഴക്കരകാവ് ദേവീക്ഷേത്രം ശ്രീകുമാര ഭജന ദേവസ്യം എന്നീക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് താമസം, ഭക്ഷണം, വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടന്നും ഇവിടെ സര്‍ക്കാരിന്റെ ഇടത്താവളം അത്യന്താപേക്ഷിതമാണന്നും എം.എല്‍.എ സബ്മിഷനിലൂടെ ചൂണ്ടികാണിച്ചു. മൂവാറ്റുപുഴയാറും വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെ തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ക്ഷേത്രങ്ങളിലുണ്ടന്നും എം.എല്‍.എ ചൂണ്ടികാണിച്ചു. മൂവാറ്റുപുഴയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമൊരുക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണന്ന് മന്ത്രി സബ്മിഷന് മറുപടിയായി അറിയിച്ചു. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനത്തെ ദേവസ്യം ബോര്‍ഡുകളുടെ കീഴിലുള്ള സ്ഥല സൗകര്യമുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആധുനീക രീതിയില്‍ വിശ്രമസങ്കേതങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായിട്ട് ശബരിമല ഇടത്താവളങ്ങള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കിഫ്ബി ധനസഹായത്തോടെ ആദ്യഘട്ടം നിലയ്ക്കല്‍, എരുമേലി, കഴക്കൂട്ടം, ചെങ്ങന്നൂര്‍, ശൂകപുരം, മണിയന്‍കോട്, ചിറങ്ങര, എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് 145-കോടി രൂപ ചിലവില്‍ ശബരിമല ഇടത്താവളങ്ങളുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിട്ടുണ്ടന്നും സ്വകാര്യ ക്ഷേത്രങ്ങളില്‍ ദേവസ്യം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ശബരിമല ഇടത്താവളം നിര്‍മിക്കുന്നതിന് പദ്ധതി നിലവിലില്ലന്നും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വെള്ളൂര്‍കുന്നം ശ്രീ മഹാദേവക്ഷേത്രത്തിന് 10-കിലോമീറ്റര്‍ അകലയായി തിരുവിതാംകൂര്‍ ദേവസ്യം ബോര്‍ഡിന്റെ കീഴിലുള്ള കീഴില്ലം മഹാദേവ ക്ഷേത്രത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്യം ബോര്‍ഡ് ശബരിമല ഇടത്താവളം ഒരുക്കിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് മുഖേന നടപ്പാക്കുന്ന ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ തത്വമസിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴയിലെ സ്വകാര്യ ക്ഷേത്രങ്ങളായ വെള്ളൂര്‍കുന്നം ശ്രീ മഹാദേവക്ഷേത്രം, പുഴക്കരകാവ് ദേവീക്ഷേത്രം, ശ്രീകുമാര ഭജന ദേവസ്യം എന്നീ ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഇവിടെ ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പടെയുള്ള ഭക്തജനങ്ങള്‍ കൂടുതല്‍ സൗകര്യമൗരുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ സബ്മിഷന് മറുപടിയായി  അറിയിച്ചു.