സംസ്ഥാന ബജറ്റ്: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദല്‍ സമീപനം -മുഖ്യമന്ത്രി

post

തിരുവനന്തപുരം :  പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദല്‍ സമീപനമാണ് നിയമസഭയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച 2021 -22 ലേക്കുള്ള ബജറ്റിന്റെ കാതലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.  

ഭാവി കേരളത്തിന്റെ വികസന പരിപ്രേക്ഷ്യമാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്. 2019 ഓടെ സാര്‍വ്വദേശീയ -ദേശീയ തലത്തില്‍ വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെയും  അത് ബാധിച്ചു. ആ പ്രതിസന്ധിയെ കോവിഡ് മഹാമാരിയുടെ വരവ് അതിസങ്കീര്‍ണമാക്കി. സാമൂഹിക-സാമ്പത്തിക മേഖലകളെ ശക്തിപ്പെടുത്തി അതിനെ മുറിച്ചുകടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനുള്ള പ്രായോഗിക മാര്‍ഗമാണ് ഈ ബജറ്റിലൂടെയും കണ്ടെത്തുന്നത്. 

കേരളത്തെ വിജ്ഞാന സമൂഹമാക്കി മാതൃകാ രൂപത്തില്‍ ഉയര്‍ത്തുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. ഒരു വര്‍ഷം കൊണ്ട് എട്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നതുമാണ് ബജറ്റിലെ നിര്‍ദേശങ്ങള്‍.

സാമ്പത്തിക വളര്‍ച്ച വീണ്ടെടുത്ത് ശക്തിപ്പെടുത്തുന്നതിനോടൊപ്പം സാമൂഹിക സമത്വത്തിലും ഊന്നല്‍ നല്‍കുന്നു എന്നതാണ് സര്‍ക്കാര്‍ സമീപനത്തിന്റെ സവിശേഷത. കഷ്ടതയനുഭവിക്കുന്ന  ജനങ്ങളുടെ  ക്ഷേമം ഉറപ്പാക്കാനും നാടിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്കു വേണ്ട സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാനും വിട്ടുവീഴ്ചയില്ലാതെ പരിശ്രമിക്കുന്നു എന്നതാണ് ഈ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം. ആ വിശ്വാസത്തെ കൂടുതല്‍ ഉറപ്പോടെ പരിരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ബജറ്റിലൂടെ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.