ഊര്‍ജ്ജിത വിളര്‍ച്ചാ പ്രതിരോധ നിയന്ത്രണ യജ്ഞത്തിന് തുടക്കമായി

post

'12 ആവണ്ടേ?  12 ആയാല്‍ നന്ന്'

കൊല്ലം:  വിളര്‍ച്ചയെ അകറ്റി നിര്‍ത്തി ഹീമോഗ്ലോബിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ ആരംഭിച്ച ഊര്‍ജ്ജിത വിളര്‍ച്ചാ  പ്രതിരോധ നിയന്ത്രണ യജ്ഞത്തിന്  ജില്ലയില്‍ തുടക്കമായി. മുഖ്യമന്ത്രിയുടെ പത്തിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍  നാസര്‍ ജില്ലാതല ഐ സി ഡി എസ് സെല്‍ ഓഫീസര്‍ ടിജു റേച്ചല്‍ തോമസിന് നല്‍കി  പ്രകാശനം ചെയ്തു.

വിളര്‍ച്ചയെ അകറ്റിനിര്‍ത്താന്‍ ഹീമോഗ്ലോബിന്റെ അളവ് 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 12 ഗ്രാം (12 ഗ്രാം/ഡെസിലിറ്റര്‍) എന്ന തോതില്‍ നിലനിര്‍ത്തണം  എന്നതാണ് ക്യാമ്പയിന്റെ  സന്ദേശം. 2021 ജനുവരി മുതല്‍ 2022 ജനുവരി വരെ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പരിപാടികള്‍ക്കാണ് തുടക്കമായത്. കുട്ടികള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരെ  ലക്ഷ്യമിട്ടുകൊണ്ട് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിതാശിശു  വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. അങ്കണവാടികള്‍  കേന്ദ്രീകരിച്ച്  വിളര്‍ച്ചയുടെ തോത്  കുറയ്ക്കുന്നതിനുള്ള ബോധവത്കരണ പരിപാടികള്‍ നടപ്പിലാക്കുന്നതിന്റെ  ആദ്യഘട്ടമെന്ന നിലയിലാണ് പോസ്റ്റര്‍ പ്രകാശനം.

'12 ആവണ്ടേ, 12 ആയാല്‍ നല്ലത്, 12 ആകണം' എന്നിങ്ങനെ  പൊതുജന ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലാണ് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കൃത്യമായി നിലനിര്‍ത്തിയില്ലെങ്കില്‍ സംഭവിക്കാവുന്ന വിളര്‍ച്ച, തളര്‍ച്ച,  ശ്വാസതടസം, ബോധക്ഷയം, പഠനത്തില്‍ അശ്രദ്ധ,  ക്രമരഹിതമായ ആര്‍ത്തവം, പ്രസവ സമയത്ത് അമിത രക്തസ്രാവം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും പ്രതിവിധികളും പോസ്റ്ററില്‍ ഉണ്ട്.

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ തൂക്കക്കുറവ്, വളര്‍ച്ച മുരടിപ്പ്, അനീമിയ എന്നിവ കണ്ടെത്തുന്നതിനായി സര്‍വ്വേയും ഇതിന്റെ  ഭാഗമായി നടത്തും. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജ് തലങ്ങളിലേക്കും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും.

ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും  പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാതല ഐ സി ഡി എസ്  സെല്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.