കോവിഡ് പ്രതിരോധത്തില്‍ യുവജനങ്ങളുടെ സേവനം മാതൃകാപരം: മന്ത്രി ഇ.പി ജയരാജന്‍

post

തിരുവനന്തപുരം : കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ യുവജനങ്ങള്‍ മാതൃകാ പരമായി സേവനം നടത്തിയെന്നു കായിക യുവജനകാര്യ മന്ത്രി ഇ. പി ജയരാജന്‍. സ്വാമി വിവേകാനന്ദന്റെ ജന്‍മദിനത്തോട് അനുബന്ധിച്ച് യുവജന കമ്മീഷന്‍ സംഘടിപ്പിച്ച ദേശീയ യുവജന ദിനാഘോഷം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാമി വിവേകാനന്ദന്റെ ജീവിത സന്ദേശം പ്രവൃത്തികളിലൂടെ പിന്തുടരണം. യുവജനങ്ങളിലാണ് നാടിന്റെ പ്രതീക്ഷ. യുവതയാണ് കാലഘട്ടത്തെയും ഭാവിയേയുമെല്ലാം നിയന്ത്രിക്കുന്ന ചാലകശക്തിയായി നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ രംഗത്തെ ആപത്തുകള്‍ക്കെതിരായ ബോധവത്കരണത്തിനും ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കും യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. യുവജന ദിനാഘോഷത്തിന്റെ ഭാഗമായി യുവജന കമ്മീഷന്‍ നടത്തിയ പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും മന്ത്രി നര്‍വഹിച്ചു. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കമ്മീഷന്‍ അംഗങ്ങള്‍ സന്നിഹിതരായി.