നൂതന പഠന രീതികള്‍ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സഹായിക്കും : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം : നൂതന പഠനരീതികള്‍  തൊഴിലില്ലായ്മ പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍(കെ എസ് ഐ ഡി)  പുതുതായി ആരംഭിച്ച ഡിസൈന്‍ കോഴ്‌സിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചന്ദനത്തോപ്പ് ഐ ടി ഐ, ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ വികസിപ്പിച്ച്  ഡിസൈന്‍ ഹബ് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.  

എ പി ജെ അബ്ദുല്‍ കലാം യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് ഡിസൈന്‍ കോഴ്‌സ്  ആരംഭിച്ചത്. കുണ്ടറയില്‍ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ തുടങ്ങിയ അപ്പാരല്‍ പാര്‍ക്ക് തൊഴിലില്ലായ്മ പരിഹരിക്കാന്‍ സഹായിക്കുന്നതാണെന്നും  മന്ത്രി സൂചിപ്പിച്ചു.  ഡിസൈന്‍ എന്നത്  കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട വിജ്ഞാനശാഖയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും കെ എ എസ് ഇ വൈസ് ചെയര്‍മാനുമായ സത്യജിത്ത് രാജന്‍ പറഞ്ഞു. ആസൂത്രണ ബോര്‍ഡ് അംഗം ഡോ രവി രാമന്‍ മുഖ്യപ്രഭാഷണം നടത്തി. എ പി ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുടെ പ്രോവൈസ് ചാന്‍സലര്‍ ഡോ എസ് അയ്യൂബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കെ എ എസ് ഇ എം ഡി എസ് ചന്ദ്രശേഖര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ കെ മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.