ജില്ലയില്‍ 13 ബ്ലോക്കുകളില്‍ സമ്പുഷ്ട കേരളം ന്യൂട്രീഷ്യന്‍ ക്ലിനിക് ആരംഭിച്ചു

post

പാലക്കാട് :  സ്ത്രീകളുടെയും കുട്ടികളുടെയും പോഷകനിലവാരം മെച്ചപ്പെടുത്തുന്ന സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 13  ബ്ലോക്കുകളിലും ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. വ്യക്തികളുടെ പോഷകാഹാര ആവശ്യങ്ങള്‍ വിലയിരുത്താന്‍ സഹായിക്കുക, പോഷകാഹാര കൗണ്‍സലിങ് നല്‍കുക, ഗുണഭോക്താക്കളുടെ ദൈനംദിന ജീവിതത്തെ ഉചിതമായ നിലവാരത്തിലെത്തിക്കാനാവശ്യമായ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയവയാണ് ക്ലിനിക്ക് കൊണ്ട് ലക്ഷ്യമിടുന്നത്. ന്യൂട്രീഷ്യനിസ്റ്റിന്റെ സഹായത്താല്‍ ക്ലിനിക്കുകളിലൂടെ അടിസ്ഥാന പോഷകാഹാര വിദ്യാഭ്യാസം നല്‍കും. ഗുണഭോക്താക്കളെ ബോധവത്കരിക്കുന്നതിന് പ്രായോഗിക നിര്‍ദേശങ്ങള്‍ വിദഗ്ധര്‍ നല്‍കും.

 ജില്ലയിലെ ഐസിഡിഎസ് ഓഫീസിനോട് ചേര്‍ന്നാണ് ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍  ആരംഭിച്ചിട്ടുള്ളത്. ആഴ്ചയില്‍ രണ്ടു ദിവസം രണ്ടു മണിക്കൂര്‍ വീതം ന്യൂട്രീഷനിസ്റ്റുകളുടെ സേവനം ലഭ്യമാണ്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ ക്ലിനിക്കല്‍ പരിചയവുമുള്ള വരെയാണ് നിയമിച്ചിട്ടുള്ളത്.  കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ക്ലിനിക്കില്‍ എത്താതെ ആളുകള്‍ക്ക് ടെലി മെഡിസിന്‍ സംവിധാനവും പ്രയോജനപ്പെടുത്താം.

ഗര്‍ഭിണികളില്‍ സാധാരണ കണ്ടുവരുന്ന അനീമിയ,  ആര്‍ത്തവകാലത്ത്  പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് ക്ലിനിക്കുകളിലൂടെ പ്രത്യേക ബോധവല്‍ക്കരണം നടത്തും. അങ്കണവാടി അധ്യാപകര്‍ വഴി പോഷകാഹാരത്തിന്റെ ആവശ്യകതകളെ കുറിച്ചും ന്യൂട്രീഷ്യന്‍ ക്ലിനിക്കിന്റെ  സേവനം പ്രയോജനപ്പെടുതേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്ന് ജില്ലാ ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ സി. ലത  അറിയിച്ചു.