ജീവനി ആദ്യഘട്ടം : ഇരുപതിനായിരം പഞ്ചായത്ത് അംഗങ്ങളുടെ വീടുകളില്‍ കൃഷിയിറക്കും

post

കൊല്ലം : കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ജീവനി  പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഇരുപതിനായിരം പഞ്ചായത്ത് അംഗങ്ങളുടെ വീടുകളില്‍ കൃഷിയിറക്കുമെന്ന് കൃഷി മന്ത്രി വി എസ്. സുനില്‍കുമാര്‍. കരുനാഗപ്പള്ളി വന്ദന ഓഡിറ്റോറിയത്തില്‍ ജീവനി ജില്ലാതല ഉദ്ഘാടനവും പച്ചക്കറി വികസന പദ്ധതി ജില്ലാതല പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് അംഗങ്ങളുടെ വീടുകളില്‍ 420 ദിവസം വിളവെടുക്കാവുന്ന രീതിയില്‍ തനത് പച്ചക്കറികളായ മുരിങ്ങ,  കറിവേപ്പില,  മുളക്, ഇഞ്ചി  എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയായിരിക്കും കൃഷി. ജനപ്രതിനിധികള്‍ കൃഷിയില്‍ സജീവമാകുന്നത് പൊതുസമൂഹത്തിന് പ്രചോദനമാകും. ഓണത്തിന് ഒരു മുറം പച്ചക്കറി, ജീവനി എന്നീ പദ്ധതികളിലൂടെ സംസ്ഥാനം പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയില്‍ തന്നെ ഒന്നാമതെത്താനാണ് സംസ്ഥാനത്തിന്റെ മുന്നേറ്റം. കര്‍ഷകര്‍ക്ക് കൂടുതല്‍ കൃഷി അറിവുകള്‍ നല്‍കാനായി കൃഷിഭവനുകളില്‍ കൃഷി പാഠശാലകള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി നഗരസഭയിലെ തരിശ് രഹിത പദ്ധതിക്ക് കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു.
സമ്പൂര്‍ണ സുരക്ഷിത പച്ചക്കറി ഉത്പാദന നിയോജക മണ്ഡലമായി കരുനാഗപ്പള്ളിയെ മന്ത്രി പ്രഖ്യാപിച്ചു. പച്ചക്കറി വികസന പദ്ധതിയില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കര്‍ഷകര്‍, ക്ലസ്റ്ററുകള്‍,  സ്വകാര്യ സ്ഥാപനങ്ങള്‍,  വിദ്യാര്‍ഥികള്‍ എന്നിവര്‍ മന്ത്രിയില്‍ നിന്നും പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളുടെ വീടുകളില്‍ കൃഷി വ്യാപകമാക്കുന്നതിന്  തുടക്കമിട്ടു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിക്കും  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും പച്ചക്കറി തൈകള്‍ മന്ത്രി കൈമാറി. കുലശേഖരപുരത്തിന്റെ തനിമയും ശുദ്ധിയും നിറഞ്ഞ ആദിനാട് വെളിച്ചെണ്ണ, ക്ലാപ്പന കൃഷിഭവന്റെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ച നാടന്‍ പശുക്കള്‍, തുണിസഞ്ചികള്‍, പാള പാത്രങ്ങള്‍, എന്നിവയും നാടന്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ അണിനിരത്തിയ കാര്‍ഷിക പ്രദര്‍ശനവും വിദഗ്ധര്‍ നയിച്ച കാര്‍ഷിക സെമിനാറും ശ്രദ്ധേയമായി.
  ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്,  കരുനാഗപ്പള്ളി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇ. സീനത്ത്, ആലപ്പാട് കുലശേഖരപുരം,  തഴവ,  ക്ലാപ്പന,  ഓച്ചിറ,  തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. സലീന,  ശ്രീലേഖ കൃഷ്ണകുമാര്‍, എസ്. ശ്രീലത, എസ്.എം ഇഖ്ബാല്‍, ആര്‍. രാജേഷ് കുമാര്‍ കടവിക്കാട്ട്  മോഹനന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അനില്‍. എസ്. കല്ലേലിഭാഗം,  ശ്രീലേഖ വേണുഗോപാല്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹനന്‍, കരുനാഗപ്പള്ളി നഗരസഭാ വൈസ് ചെയര്‍മാന്‍ രവീന്ദ്രന്‍ പിള്ള, ആത്മ പ്രോജക്ട് ഡയറക്ടര്‍ വി.ജയ, പി.ആര്‍.ഡി റീജിയണല്‍  ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. ജി  സന്തോഷ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, കൃഷി,  ഡെപ്യൂട്ടി ഡയറക്ടര്‍ വി. അനിത മണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.