ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചു; യുകെയില്‍ നിന്ന് വന്ന ആറു പേര്‍ ചികിത്‌സയില്‍

post

തിരുവനന്തപുരം : ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കേരളത്തില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. യു.കെയില്‍ നിന്നെത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്കും ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്കും കോട്ടയത്തും കണ്ണൂരിലും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

കോഴിക്കോട് സ്വദേശി (35), കോഴിക്കോട് സ്വദേശിനി (2), ആലപ്പുഴ സ്വദേശിനി (30), ആലപ്പുഴ സ്വദേശി (36), കോട്ടയം സ്വദേശിനി (20), കണ്ണൂര്‍ സ്വദേശി (29), എന്നിവരാണവര്‍.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗബാധിതരെ ചികിത്‌സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയും നിരീക്ഷണത്തിലാക്കി.

ജനിതക മാറ്റം വന്ന വൈറസ് ശരീരത്തില്‍ പെട്ടെന്ന് പെരുകുകയും മറ്റുള്ളവരിലേക്ക് വേഗം പകരുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് വരുന്നവര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും അറിയിക്കണം. 

പുതിയ വൈറസിനെ കണ്ട സ്ഥിതിക്ക് നിരീക്ഷണം ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എയര്‍പോട്ടിനോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിച്ചുവരുന്നു. എല്ലാവരും സ്വയം ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. 

രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ ആരോഗ്യവകുപ്പിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത പുലര്‍ത്തിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. റിവേഴ്‌സ് ക്വാറന്റീന്‍ കൂടുതല്‍ കര്‍ശനമായി പാലിക്കണം. മാസ്‌ക്ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുദ്ധിയാക്കുകയും ശാരീരികാകലം പാലിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.