സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തുന്നു

post

തിരുവനന്തപുരം: കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാര്‍സ് കോവിഡ് 2  (SARS COV2) ആന്റീബോഡിയുടെ സാന്നിദ്ധ്യം എത്രത്തോളം ആളുകളില്‍, പ്രത്യേകിച്ച് അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ ഉണ്ട് എന്ന് മനസിലാക്കുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. രോഗത്തിന്റെ അടുത്തഘട്ട വ്യാപന സാധ്യത മനസിലാക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും നയപരമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നതിനും ഈ പഠനം സഹായിക്കും.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ഇ.ഐ.ഡി. സെല്‍ നോഡല്‍ ഓഫീസറുടെയും മേല്‍നോട്ടത്തിലാണ് ഈ പഠനം നടത്തുന്നത്. ജില്ലാ തലത്തില്‍ ജില്ലാ സര്‍വൈയ്‌ലന്‍സ് ഓഫീസര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. താലൂക്കാശുപത്രികളിലെ സൂപ്രണ്ടായിരിക്കും അതത് പഠനമേഖലയില്‍ നേതൃത്വം നല്‍കുന്നത്. ആരോഗ്യ വകുപ്പിലെ ജില്ലാ സര്‍വൈയ്‌ലന്‍സ് ഓഫീസര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും, പോലീസ് സ്റ്റേഷനുകളുടെയും ലിസ്റ്റ് തയ്യാറാക്കുകയും അതില്‍ നിന്നും 5 വീതം സ്ഥാപനങ്ങളെ ഓരോ ജില്ലയില്‍ നിന്നും പഠനത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥലങ്ങളില്‍ നിന്നും 12 പേരെ വീതം പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

സംസ്ഥാനത്താകമാനം 18 വയസിന് മുകളിലുള്ള 12,100-ഓളം ആളുകളില്‍ പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു ജില്ലയില്‍ ഏറ്റവും കുറഞ്ഞത് 350 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുകൂടാതെ ഓരോ ജില്ലയില്‍ നിന്നും കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് 240 സാമ്പിളുകള്‍ പരിശോധിക്കുന്നതാണ്. ഗ്രാമ, നഗര മേഖലകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും സാമ്പിള്‍ ശേഖരണത്തിന് മുമ്പായി ആളുകളുടെ സമ്മതപത്രം വാങ്ങുന്നതുമാണ്. ഇത് കൂടാതെ 5000-ഓളം രക്ത സാമ്പിളുകള്‍ ലാബുകളില്‍ നിന്നും രക്ത ബാങ്കുകളില്‍ നിന്നും ശേഖരിച്ച് പഠന വിധേയമാക്കുന്നതാണ്.

ലോകാരോഗ്യ സംഘടന 2020, മാര്‍ച്ചില്‍ കോവിഡ്-19നെ ഒരു പകര്‍ച്ച വ്യാധിയായി പ്രഖ്യാപിക്കുകയും ഇപ്പോഴും അത് നിലനില്‍ക്കുകയും ചെയ്യുന്നു. ഇതിന്റെ വ്യാപനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഘട്ടങ്ങളിലാണ് കാണപ്പെടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ്-19 പുനര്‍ വ്യാപനവും അതിനെ തുടര്‍ന്നുള്ള മരണവും അഭിമുഖീകരിക്കുകയാണ്. എന്നാല്‍ ഇന്ത്യയിലും കേരളത്തിലും രോഗവ്യാപനം കുറയുന്നതായിട്ടാണ് കാണുന്നത്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും രോഗവ്യാപനം കേരളത്തിലേക്ക് വരാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ സാര്‍സ് കോവിഡ് 2 ആന്റീബോഡി പൊതുജനങ്ങളിലും രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളായ ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരില്‍ എത്രത്തോളമുണ്ടെന്ന് മനസിലാക്കുന്നത് ഈ ഘട്ടത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്ക് പ്രകാരം മെയ് മാസത്തില്‍ ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരിലെ കോവിഡ് വ്യാപന നിരക്ക് 0.73 ശതമാനം ആയിരുന്നു. എന്നാല്‍ ആഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ കണക്ക് പ്രകാരം 7.1 ശതമാനം ആളുകളില്‍ ഇതിനോടകം കോവിഡ് വ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ 2020 നവംബര്‍ ആദ്യ വാരത്തെ കണക്കനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രോഗലക്ഷണങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ 20 ശതമാനവും, ലക്ഷണങ്ങളില്ലാത്ത രോഗവ്യാപന സാധ്യത കൂടിയ വിഭാഗങ്ങള്‍ക്കിടയില്‍ 10.5 ശതമാനവും ശസ്ത്രക്രിയക്കും മറ്റും വിധേയരായിട്ടുള്ള കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതിരുന്ന ആളുകളില്‍ 3.2 ശതമാനവും നേരിട്ട് പരിശോധനയ്‌ക്കെത്തിയ ആളുകളില്‍ 8.3 ശതമാനവും ആയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്താന്‍ തീരുമാനിച്ചത്.