വയോജനങ്ങള്‍ക്ക് 'വയോമിത്രം' പദ്ധതി

post

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി  ആരംഭിച്ച പദ്ധതിയാണ് വയോമിത്രം. മുന്‍സിപ്പല്‍/കോര്‍പ്പറേഷന്‍/ ബ്ലോക്ക് തലങ്ങളിലാണ്  പദ്ധതി നടപ്പാക്കുന്നത്.  പ്രദേശത്തെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി വിവിധ പരിപാടികളും വയോജന ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് പ്രത്യേക കരുതലും നല്‍കുന്ന തരത്തിലുള്ള വിവിധ പരിപാടികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്നുണ്ട്.  കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍  65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരാണ് വയോമിത്രം പദ്ധതി പ്രകാരം സൗജന്യ സേവനങ്ങള്‍ക്ക്  അര്‍ഹരായിട്ടുള്ളത്. 65 വയസ്സിന് മുകളിലുള്ളവര്‍ക്ക്  വയസ്സുതെളിയിക്കുന്ന രേഖകളുമായി അതത് നഗരസഭകളിലെ വയോമിത്രത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം.  പദ്ധതിയിലൂടെ  വയോജനങ്ങള്‍ക്ക് നഗരപ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്ക് സേവനം, കൗണ്‍സലിങ്, വൈദ്യ സഹായം, സൗജന്യമായി മരുന്നുകള്‍ എന്നിവ ലഭിക്കും. കൂടാതെ കിടപ്പുരോഗികളുടെ വീടുകളിലെത്തി പാലിയേറ്റീവ് ഹോം കെയര്‍ സേവനവും  വയോജനങ്ങള്‍ക്ക് നല്‍കിവരുന്നു.

ജില്ലയിലെ 12 നഗരസഭകളില്‍ വയോമിത്രം പദ്ധതി നടപ്പാക്കിവരുന്നുണ്ട്.  45,000 പേരാണ്  നഗരസഭകളില്‍  രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വയോജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന്   വയോമിത്രം ഹെല്‍പ് ഡെസ്‌കുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.   പ്രോജക്ട് കോര്‍ഡിനേറ്റര്‍, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് എന്നിവരുടെ സേവനങ്ങള്‍  പദ്ധതിയിലൂടെ ലഭിക്കും.വയോമിത്രം പദ്ധതിയിലൂടെ ജില്ലയില്‍ കോവിഡ് കാലത്ത് വയോജനങ്ങളുടെ   വീടുകളിലെത്തി ഒ.പി. ബുക്കുകള്‍ ശേഖരിച്ച് ആവശ്യമായ മരുന്നുകളും വീടുകളില്‍ നേരിട്ട് എത്തിച്ചിട്ടുണ്ട്.