ബാങ്കുകള്‍ സെപ്റ്റംബര്‍ വരെ വിതരണം ചെയ്തത് 2763.26 കോടി രൂപ

post

ഇടുക്കി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച അര്‍ദ്ധവാര്‍ഷികത്തില്‍ ജില്ലയിലെ ബാങ്കുകള്‍ വിതരണം ചെയ്തത് 2763.26 കോടി രൂപ .

ഇതില്‍ 2208.06 കോടി രൂപ മുന്‍ഗണന വിഭാഗത്തിനാണ് നല്‍കിയത് . കാര്‍ഷികവിള ഉല്പാദനത്തിന് 1081.24 കോടി രൂപയും കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കു 299.06 കോടി രൂപയും ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ 1380.30 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 429.56 കോടി രൂപയും ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റ് മുന്‍ഗണന മേഖലയ്ക്ക് 398.20 കോടി രൂപയും വിതരണം ചെയ്തു . 

സെപ്റ്റംബര്‍ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 2020 മാര്‍ച്ച് മാസത്തില്‍ നിന്നും 250.68 കോടി രൂപ ഉയര്‍ന്നു 9141.98 കോടി രൂപയായി. ഈ അര്‍ദ്ധവാര്‍ഷികത്തില്‍ ജില്ലയിലെ പ്രവാസി നിക്ഷേപത്തില്‍ 227.20 കോടി രൂപ വര്‍ധിച്ചു 2287.40 കോടി രൂപയായി. കാസ (കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് ) നിക്ഷേപം 2597.19 കോടി രൂപയാണ് . ഈ അര്‍ദ്ധ വാര്‍ഷികത്തില്‍ 251.61 കോടി രൂപയുടെ വര്‍ദ്ധനവ് ആണ് ഉണ്ടായത്.

മൊത്തം വായ്പ 474.08 കോടി രൂപയുടെ വര്‍ദ്ധനവോടെ 11644.99 കോടി രൂപയായി ഉയര്‍ന്നു . ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 127.38% ആയി ഉയരുകയും ചെയ്തു. ഇന്നലെ (29) നടന്ന സെപ്റ്റംബര്‍ പാദം ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിലാണ് ഈ കാര്യങ്ങള്‍ വിശദീകരിച്ചത്.