നവകേരള നിര്‍മിതിക്ക് കരുത്തേകി മുഖ്യമന്ത്രിയുടെ പര്യടനം; വികസന മുന്നേറ്റത്തിന് മലപ്പുറത്തിന്റെ പിന്തുണ

post

മലപ്പുറം: പ്രകടന പത്രികയില്‍ പറഞ്ഞ  600 കാര്യങ്ങളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മിതിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം മച്ചിങ്ങല്‍ എം.എസ്.എം ഓഡിറ്റോറിയത്തില്‍ സാമൂഹ്യ-സാംസ്‌കാരിക- വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രൊഫഷണലുകള്‍, പ്രവാസി വ്യവസായ സംരംഭകര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയില്‍ പറയാത്ത ഒട്ടനേകം കാര്യങ്ങളും ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ പദ്ധതികളും നാടിന്റെ വലിയ വികസനത്തിന് സഹായിച്ചിട്ടുണ്ട്. സാമൂഹ്യനീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. വികസനത്തിന്റെ ഗുണം ലഭിക്കാത്ത ആരും തന്നെ സമൂഹത്തിലുണ്ടാവുകയില്ല. നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹരിതകേരള മിഷന്‍ നാടിന്റെ മുഖഛായ മാറ്റി
 
സര്‍ക്കാര്‍ നടപ്പാക്കിയ ഹരിതകേരള മിഷന്‍ നാടിന്റെ മുഖഛായ മാറ്റിയ പദ്ധതിയാണ്. മാലിന്യ മുക്ത കേരളം  യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്. ഉറവിടങ്ങളില്‍ തന്നെ മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള നടപടികളാണ് ആവിഷ്‌ക്കരിക്കുന്നത്. ധാരാളം നദികളും തോടുകളും കുളങ്ങളും കായലുകളുമുള്ള നമ്മുടെ നാട് ജലസമൃദ്ധമാണെങ്കിലും ശുദ്ധജല ലഭ്യത കുറവാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് ജലസ്രോതസുകള്‍ പുനരുദ്ധരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ ജലസ്രോതസുകളില്‍ നിന്ന് വെള്ളം കൈകൊണ്ട് കോരി കുടിക്കാവുന്ന തരത്തില്‍ മാറ്റിയെടുക്കും. ആദ്യഘട്ടത്തില്‍ കുളിക്കാനെങ്കിലും പറ്റുന്ന തരത്തില്‍ ഇവയെല്ലാം മാറ്റിയെടുക്കും.

കാര്‍ഷികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി

കാര്‍ഷികരംഗത്ത് ഈ സര്‍ക്കാര്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പാക്കിയത്.പച്ചക്കറി ഉത്പാദനത്തിലും ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിലും വന്‍ വര്‍ധനവുണ്ടായി. പച്ചക്കറി ഉത്പാദനം ഏഴ് ലക്ഷം ടണില്‍ നിന്ന്  15 ലക്ഷം ടണ്ണായി വര്‍ധിപ്പിച്ചു. തരിശ് രഹിത കേരളം സമീപ ഭാവിയില്‍ യാഥാര്‍ത്ഥ്യമാക്കും. വീട്ടു മുറ്റത്തെ പച്ചക്കറി പ്രോത്സാഹിപ്പിച്ചതിലൂടെ പച്ചക്കറി ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. തുടര്‍ന്നും ഇത്തരത്തിലുള്ള സഹായങ്ങളും പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ തുടരും. കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കാര്‍ഷിക മേഖലയിലെ പുരോഗതി പൂര്‍ണമാവില്ലെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. സുഭിക്ഷ കേരളം പദ്ധതി ഇതിന്റെ തുടക്കമാണ്.


പൊതുവിദ്യാഭ്യാസം സ്മാര്‍ട്ടായി

സംസ്ഥാന ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടില്ലാത്ത മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിലും  കോളജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതോടൊപ്പം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തിന്റെ ഏത് മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും മികച്ച വിദ്യാഭ്യാസം വീടിന്റെ തൊട്ടടുത്ത് തന്നെ ലഭ്യമാക്കി. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കി. അഞ്ച് ലക്ഷം കുട്ടികളെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് പുതുതായി കൊണ്ടുവരാനും  സര്‍ക്കാരിന് സാധിച്ചു. ഇതിലൂടെ തൊഴില്‍ നഷ്ടം ഇല്ലാതാക്കാനും കഴിഞ്ഞു.

ലോകത്തിന് മാതൃകയായി ആരോഗ്യ മേഖല

ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം കാതലായ പരിഷ്‌ക്കരണങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കി. ഇതിലൂടെ സംസ്ഥാനത്തെ ആരോഗ്യ രംഗം ലോകത്തിന് തന്നെ മാതൃകയായി. നിപ്പയും കോവിഡും നേരിടുന്നതില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തി. കോവിഡെന്ന മഹാമാരിക്ക് മുന്നില്‍ വികസിത രാജ്യങ്ങള്‍ തന്നെ പകച്ചു നിന്നപ്പോള്‍ ആധുനിക ചികിത്സാ രീതികള്‍ പ്രയോജനപ്പെടുത്തി കേരളം അതിജീവിച്ചു. ആര്‍ദ്രം പദ്ധതിയിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ആരോഗ്യ സംവിധാനങ്ങള്‍ പരിഷ്‌ക്കരിച്ചു. ഇത് കോവിഡിനെ നേരിടുന്നതില്‍ സഹായകമായി.

ജീവിതം നല്‍കി 'ലൈഫ് '

ലൈഫ് പദ്ധതിയിലൂടെ വീടും ജീവിതവും നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു. സുരക്ഷിതമായി താമസിക്കാനുള്ള വീടു നല്‍കിയതോടൊപ്പം ജീവിതോപാധി കൂടി പ്രദാനം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കിയതിലൂടെ 10 ലക്ഷം ആളുകള്‍ക്കാണ് സുരക്ഷിതമായി താമസിക്കാനുള്ള വഴിയൊരുക്കിയത്. മുന്‍പ് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാതെയാണ് പലരും കടന്നു പോയതെങ്കില്‍ ഇപ്പോള്‍ ദ്രുതഗതിയിലാണ് വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നത്. ബാക്കിയുള്ളവര്‍ക്കു കൂടി ലൈഫ് പദ്ധതിയിലൂടെ വീടിന് അപേക്ഷിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവര്‍ക്കും ഉടന്‍ വീട് നല്‍കും.

വ്യാവസായിക മേഖലയില്‍ സമൂല പരിഷ്‌ക്കരണം

വ്യാവസായിക മേഖലയില്‍ പുരോഗതി ഉറപ്പുവരുത്തുന്നതിന് വിവിധ തരത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. വ്യാവസായിക പുരോഗതി ഉറപ്പുവരുത്തുന്നതിനും സൗഹാര്‍ദ്ദ അന്തരീക്ഷമുണ്ടാക്കുന്നതിനും കാലഹരണപ്പെട്ട ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും സര്‍ക്കാര്‍ ഭേദഗതി ചെയ്തു. വ്യാവസായിക മേഖലയ്ക്ക് ഉണര്‍വും ഊര്‍ജവുമേകാന്‍ സര്‍ക്കാരിനായിട്ടുണ്ട്. 30 ദിവസത്തിനകം വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 31-ാം ദിവസം അനുമതി ലഭിച്ചതായി കണക്കാക്കി വ്യവസായങ്ങള്‍ ആരംഭിക്കാം. പിന്നീട് മൂന്നുവര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. ഈ നിയമം വലിയ മാറ്റങ്ങളുണ്ടാക്കിയതോടൊപ്പം വ്യവസായ സൗഹൃദ അന്തരീക്ഷം നമ്മുടെ സംസ്ഥാനത്തുണ്ടാക്കാനും സാധിച്ചു. ബഹുരാഷ്ട്ര കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധരായിട്ടുണ്ട്. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ മാത്രമേ കേരളത്തില്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. വ്യാവസായിക പുരോഗതിയിലൂടെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ അവസരങ്ങളും ലഭിക്കും. ഐ.ടി മേഖലയില്‍ വന്‍ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കേരളത്തിലാണ്. ഇങ്ങനെയുള്ള ഒട്ടേറെ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. വരും നാളുകളില്‍ കൂടുതല്‍ മുന്നേറാന്‍ നമുക്ക് സാധിക്കുമെന്നും അതിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി ഇല്ലതാക്കിയത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രാജ്യത്തിനകത്തും പറുത്തുമുള്ള പല വന്‍കിട സംരംഭകരും ഇതിനകം കേരളത്തിലെത്തി. പലരും നിക്ഷേപം തുടങ്ങാന്‍ സന്നദ്ധത അറിയിച്ചു. നാടിന് ചേര്‍ന്ന വ്യവസായമേ പറ്റൂ എന്നതില്‍ മാത്രമാണ് സര്‍ക്കാരിന് നിര്‍ബന്ധം.


CM