ഇ-കേരളം പദ്ധതിയുമായി സര്‍ക്കാര്‍; ലക്ഷ്യം സമ്പൂര്‍ണ ഇ സാക്ഷരത

post

ആദ്യ ഘട്ടത്തില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കും

തിരുവനന്തപുരം: സാധാരണ ജനങ്ങളില്‍ ഇന്റര്‍നെറ്റ് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇ-കേരളം പദ്ധതി ആവിഷ്‌ക്കരിച്ച് സംസ്ഥാന സര്‍ക്കാര്‍. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആണ് പദ്ധതി നടപ്പാക്കുക. ബൃഹത്തായ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി ഒരു കോടി ജനങ്ങള്‍ക്ക് പ്രയോജനകരമാകും.

കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പോലെ മുതിര്‍ന്നവരെയും ഇത്തരം കാര്യങ്ങളില്‍ അറിവുള്ളവരാക്കാന്‍ ഇ-കേരളം പദ്ധതി സഹായിക്കും. ഓണ്‍ലൈന്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, സൈബര്‍ സെക്യൂരിറ്റി, ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ നല്‍കുന്ന ക്ലാസ് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ജനങ്ങളെ പ്രാപ്തരാക്കും. സ്‌കൂള്‍ തലം മുതല്‍ ഉള്ളവരെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. റൂട്രോണിക്സിന്റെ നെറ്റ്വര്‍ക്കിലുള്ള അധ്യാപകരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറമെ ആവശ്യാനുസരണം കോണ്ടാക്ട് ക്ലാസുകളും സജ്ജീകരിക്കും.

രണ്ടാം നൂറുദിന പരിപാടികളുടെ ഭാഗമായി ലോഞ്ച് ചെയ്യുന്ന പദ്ധതി നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ ഇ-കേരളം പദ്ധതി നടപ്പാക്കും. ഒരു മുന്‍സിപ്പാലിറ്റിയും എട്ട് പഞ്ചായത്തും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ജനസംഖ്യ രണ്ടരലക്ഷത്തോളമാണ്. ഇതില്‍ 70,000ത്തോളം പേര്‍ക്ക് അടിസ്ഥാന ഇന്റര്‍നെറ്റ് വിദ്യാഭ്യാസം ആവശ്യമാണെന്നാണ് കണക്കാക്കുന്നത്. 30 മുതല്‍ 50 ദിവസത്തിനകം ക്ലാസുകള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് മറ്റ് മണ്ഡലങ്ങളിലും ഇ-കേരളം പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് സമ്പൂര്‍ണ ഇ സാക്ഷരത കൈവരിക്കാനാകും.