പ്ലാസ്റ്റിക് കുപ്പി കൊണ്ട് ക്രിസ്മസ് ട്രീ: വേറിട്ട ആശയവുമായി ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ്

post

ആലപ്പുഴ: പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിറം നല്‍കി അലങ്കരിച്ചു പ്രകൃതിക്ക് ഒരു കരുതല്‍ നല്‍കി ക്രിസ്മസ് ട്രീ, പുല്‍ക്കൂട് എന്നിവ തയ്യാറാക്കി വ്യത്യസ്തരാകുകയാണ് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഒരു വസ്തുവും പാഴല്ല എന്ന ആശയത്തിലാണ് ജില്ലാ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ബിജു ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ കുപ്പികള്‍ ഉപയോഗിച്ച് ക്രിസ്മസ് ട്രീ, പത്ര പേപ്പറുകള്‍, പേപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് അലങ്കാരങ്ങള്‍, പുല്‍ക്കൂട്, ചവറ്റുകൊട്ടയും പഞ്ഞിയും ഉപയോഗിച്ച് ക്രിസ്മസ് പെന്‍ഗ്വിന്‍, കുപ്പിയും ബോള്‍ ഐസ്‌ക്രീമും ഉപയോഗിച്ച് സാന്റാ, പാവ പത്രപേപ്പര്‍ ഉപയോഗിച്ച് നക്ഷത്രം എന്നിവ നിര്‍മിച്ചിരിക്കുന്നത്. ഒരാഴ്ച സമയം എടുത്താണ് ഉദ്യോഗസ്ഥര്‍ പുല്‍ക്കുട്, ക്രിസ്മസ് ട്രീ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തത്തംപള്ളിയിലെ ഓഫീസിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ ക്രിസ്മസ് ട്രീ കാണാന്‍ എത്തിയിരുന്നു.