ജില്ല ആശുപത്രി കോമ്പൗണ്ടില്‍ പുതിയ ഡ്രഗ് റസിസ്റ്റന്റ് ടി.ബി.വാര്‍ഡ്

post

ആലപ്പുഴ: ജില്ല ക്ഷയരോഗ കേന്ദ്രത്തിന്റെ കീഴില്‍ ആലപ്പുഴ ജില്ല ആശുപത്രി കോംമ്പൗണ്ടില്‍ തുടങ്ങിയ, ഒന്നാം നിര മരുന്നുകളോട് പ്രതിരോധം നേടിയ രോഗാണുക്കള്‍ മൂലമുണ്ടാകുന്ന ക്ഷയ രോഗികള്‍ക്കായുള്ള പ്രത്യേക ടി.ബി. വാര്‍ഡ് (മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ടി.ബിക്കാര്‍) ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. വളരെ നാളായുള്ള ആവശ്യത്തിനാണ് പുതിയ വാര്‍ഡ് അനുവദിച്ചതിലൂടെ പരിഹാരമാകുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി രണ്ട് വാര്‍ഡുകളാണ് സര്‍ക്കാര്‍ ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ മാരകമായ ഇത്തരം രോഗബാധിതര്‍ക്ക് നടത്തേണ്ട ചെലവേറിയ ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍ എന്നിവ ഇവിടെ സൗജന്യമായാണ് ലഭിക്കുക. വിദഗ്ധ ഡോക്ടറുടെ സേവനം, ക്ലിനിക്കല്‍ ഇന്‍വസ്‌ററിഗേഷന്‍ എന്നിവയെല്ലാം ലഭ്യമാണ്. ജില്ല ആശുപത്രിയില്‍ ഒഴിഞ്ഞുകിടന്ന വയോജന വാര്‍ഡ് വിപൂലീകരിച്ചാണ് പുതിയ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഡി.എം.ഓ ഓഫീസിനുമുന്നില്‍ തുടങ്ങിയ വാര്‍ഡിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.എസ്.കവിത അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോ.എല്‍. അനിതകുമാരി, ജില്ല ടി.ബി.ഓഫീസര്‍ ഡോ.നിതാ എസ്.നായര്‍, ചീഫ് കണ്‍സള്‍ട്ടന്റ് ഡോ.കെ.വേണുഗോപാല്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.കെ.എ.മുഹമ്മദ് സലിം തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ മാരകമായ എം.ഡി.ആര്‍.ടി.ബി. യ്ക്ക് കൂടുതല്‍ ശക്തിയേറിയ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. 18 മുതല്‍ 20 മാസം വരെയാണ് ഇത്തരം രോഗികളുടെ ചികിത്സാ കാലാവധി.