തിരുവിതാംകൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു, രൂപരേഖയായി

post

തിരുവനന്തപുരം: തിരുവിതാംകൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ചരിത്ര സ്മാരകമായ പദ്മനാഭപുരം കൊട്ടാരം മുതല്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന ഈ പൈതൃക ടൂറിസം പദ്ധതിയുടെ രൂപരേഖ തയാറായി. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ലോകപ്രസിദ്ധമായ ആഭാ നാരായണന്‍ ലാംബ അസോസിയേറ്റ്സാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.

തിരുവനന്തപുരത്തെ പൗരാണിക ഭംഗിയേറിയ ചരിത്ര പ്രാധാന്യമുള്ള കെട്ടിട സമുച്ചയങ്ങളെ ആകര്‍ഷകമാക്കി സംരക്ഷിക്കുന്നത് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരവും കിഴക്കേക്കോട്ടയും എംജി റോഡ് മുതല്‍ വെള്ളയമ്പലം വരെ പ്രൗഢഭംഗിയാര്‍ന്ന 19 കെട്ടിട സമുച്ചയങ്ങളാണ് അത്യാധുനിക പ്രകാശ സംവിധാനങ്ങള്‍ സ്ഥാപിച്ച് മനോഹരമാക്കുക. കിഴക്കേകോട്ട മുതല്‍ ഈഞ്ചക്കല്‍ വരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാര ദീപങ്ങളാല്‍ ആകര്‍ഷകമാക്കും.

കാലപ്പഴക്കത്താല്‍ നാശോന്‍മുഖമായ ആറ്റിങ്ങല്‍ കൊട്ടാരം സംരക്ഷിക്കാനും തിരുവിതാംകൂര്‍ പൈതൃക ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആനന്ദവിലാസം, രംഗവിലാസം, സുന്ദരവിലാസം കൊട്ടാരങ്ങളടക്കം സംരക്ഷിച്ച് മനോഹരമാക്കി പ്രകാശ സംവിധാനങ്ങള്‍ സ്ഥാപിക്കും.

സെക്രട്ടേറിയറ്റ് മന്ദിരം ലേസര്‍ പ്രൊജക്ഷന്‍ വഴി ആകര്‍ഷകമാക്കും. ദീപ പ്രഭയില്‍ തിളങ്ങുന്ന സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആവിഷ്‌കരിക്കും. ഒരു സംസ്ഥാന തലസ്ഥാന മന്ദിരം തന്നെ ചരിത്ര മ്യൂസിയമായി മാറുമെന്ന പ്രത്യേകത കൂടി ഈ പദ്ധതിക്കുണ്ട്. തിരുവനന്തപുരത്തിന്റെ പ്രൗഢിയാര്‍ന്ന കെട്ടിടങ്ങള്‍ എല്ലാം അത്യാധുനിക വൈദ്യുത ദീപാലങ്കാരങ്ങളാല്‍ പ്രകാശിതമാകുന്നതോടെ രാത്രികാല ടൂറിസം കേന്ദ്രം കൂടിയായി തലസ്ഥാന നഗരം മാറും.

രാജാരവിവര്‍മ്മയുടെ ഓര്‍മ്മകള്‍ നിറയുന്ന കിളിമാനൂര്‍ രാജ കൊട്ടാരം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ പൈതൃക ടൂറിസം കേന്ദ്രമാക്കും. കൊല്ലത്തെ ചീന കൊട്ടാരവും ചിന്നക്കടയിലെ ക്ലോക്ക് ടവറും സംരക്ഷിച്ച് മനോഹരമാക്കാനും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. തിരുവിതാംകൂറിന്റെ ചരിത്രപ്രസിദ്ധമായ പൈതൃക സ്മാരകങ്ങളെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും തിരുവിതാംകൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതി വഴി സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടം ഉടന്‍ ആരംഭിക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.