തദ്ദേശ ജനപ്രതിധികള്‍ സത്യപ്രതിജ്ഞ ചെയ്തു

post

കൊല്ലം: ജില്ലയില്‍ ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കോവിഡ് മാനദണ്ഡം പാലിച്ച് ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. തദ്ദേശ സ്ഥാപനങ്ങളിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് വരണാധികാരികള്‍ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു.

ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗമായ കൊറ്റങ്കര ഡിവിഷനിലെ എന്‍ എസ് പ്രസന്നകുമാറിന് വരാണാധികാരി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ സോമപ്രസാദ് എം പി, എം എല്‍ എ മാരായ മുല്ലക്കര രത്നാകരന്‍, ആര്‍ രാമചന്ദ്രന്‍, മുന്‍ എം പി മാരായ കെ എന്‍ ബാലഗോപാല്‍, പി രാജേന്ദ്രന്‍, മുന്‍ എം എല്‍ എ മാരായ എന്‍ അനിരുദ്ധന്‍, ബി രാഘവന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, സെക്രട്ടറി കെ പ്രസാദ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന കൊല്ലം കോര്‍പ്പറേഷനിലെ സ്ഥാനാരോഹണ ചടങ്ങില്‍ പോര്‍ട്ട് ഡിവിഷനില്‍ നിന്നുള്ള മുതിര്‍ന്ന അംഗമായ ജോര്‍ജ്ജ് ഡി കാട്ടിലിന് വരണാധികാരിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ സോമപ്രസാദ് എം പി, എം എല്‍ എ മാരായ മുല്ലക്കര രത്നാകരന്‍, എം മുകേഷ്, എം നൗഷാദ്, മുന്‍ എം പി മാരായ കെ എന്‍ ബാലഗോപാല്‍, പി രാജേന്ദ്രന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ഹരികുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുനലൂര്‍ മുന്‍സിപ്പാലിറ്റിയില്‍  അഷ്ടമംഗലം ഡിവിഷനില്‍ നിന്നുള്ള അംഗമായ എസ് പൊടിയന്‍പിള്ളയ്ക്ക് വരണാധികാരി അനില്‍ ആന്റണിയും  കൊട്ടാരക്കരയിലെ കടലാവിള ഡിവിഷനിലെ ജോളി പി വര്‍ഗീസിന്  വരണാധികാരിയായ ജി കൃഷ്ണകുമാറും പരവൂരിലെ കുരണ്ടിക്കുളം ഡിവിഷനിലെ ആരിഫ ടീച്ചര്‍ക്ക് വരണാധികാരിയായ കെ സി ഹരിലാലും കരുനാഗപ്പള്ളിയിലെ മുതിര്‍ന്ന അംഗമായ  എം അന്‍സാറിന്  വരണാധികാരിയായ എസ് സുശീലയും  സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ വരണാധികാരി ഇ എസ് അംബിക കലയ്ക്കോട് ഡിവിഷനിലെ എന്‍ സദാനന്ദന്‍പിള്ളയ്ക്കും  വെട്ടിക്കവലയില്‍ വരണാധികാരി വൈ.എല്‍.സുഗതന്‍ കെ.ഹര്‍ഷകുമാറിനും കൊട്ടാരക്കരയില്‍ വരണാധികാരി എം.ജലജ കരീപ്ര ഡിവിഷനിലെ എം തങ്കപ്പനും അഞ്ചലില്‍ വരണാധികാരി ഡി.രതീഷ് കെ.സി.അശോക്കുമാറിനും ചടയമംഗലത്ത് വരണാധികാരി സി.ജെ.ജോണ്‍സണ്‍ സുഷമകുമാരിക്കും പത്തനാപുരത്ത് വരണാധികാരി എ.ഷാനവാസ്  സുലോചനഅമ്മയ്ക്കും മുഖത്തലയില്‍ വരണാധികാരി കെ.അനു മുതിര്‍ന്ന അംഗം യശോധയ്ക്കും  ഓച്ചിറയില്‍ വരണാധികാരി എ.ബിന്ദു മുതിര്‍ന്ന അംഗം തുളസീധരനും ചിറ്റുമലയില്‍ വരണാധികാരി പി ജെ ആമിന എം.അനില്‍കുമാറിനും ചവറയില്‍ വരണാധികാരി കെ സുഹൈര്‍ പ്രസന്നന്‍ ഉണ്ണിത്താനും ശാസ്താംകോട്ടയില്‍ വരണാധികാരി കെ അനിത മുതിര്‍ന്ന അംഗം ആനയടി ഡിവിഷനിലെ എന്‍ പങ്കജാക്ഷനും സത്യവാചകം ചൊല്ലിക്കൊടുത്തു.