തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

post

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തിങ്കളാഴ്ച രാവിലെ വരണാധികാരികള്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ പഞ്ചായത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉദുമ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം ഗീത കൃഷ്ണന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഡിവിഷന്‍ ക്രമനമ്പര്‍ അനുസരിച്ച് അംഗങ്ങളായ കമലാക്ഷി (വോര്‍ക്കാടി), നാരായണ നായിക്ക് (പുത്തിഗെ), എം. ഷൈലജ ഭട്ട് (എടനീര്‍), പി.ബി. ഷഫീക്ക് (ദേലമ്പാടി),  അഡ്വ. സരിത എസ്.എന്‍. (ബേഡകം), ഷിനോജ് ചാക്കോ (കള്ളാര്‍), ജോമോന്‍ ജോസ് (ചിറ്റാരിക്കല്‍), കെ. ശകുന്തള (കരിന്തളം), എം. മനു (പിലിക്കോട്), സി.ജെ. സജിത് (ചെറുവത്തൂര്‍), ബേബി ബാലകൃഷ്ണന്‍ (മടിക്കൈ), ഫാത്തിമത്ത് ഷംന ബി. എച്ച്. (പെരിയ), ഷാനവാസ് പാദൂര്‍ (ചെങ്കള), ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം (സിവില്‍ സ്റ്റേഷന്‍), ജമീല സിദ്ദിഖ് (കുമ്പള), ഗോള്‍ഡണ്‍ അബ്ദുള്‍ റഹിമാന്‍ (മഞ്ചേശ്വരം) എന്നിവര്‍ക്ക് ഗീതാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 

കമലാക്ഷി, നാരായണ നായിക്ക്, എം. ഷൈലജ ഭട്ട് എന്നിവര്‍ കന്നഡയിലും പി.ബി. ഷഫീക്ക്, ജമീല സിദ്ദിഖ്  എന്നിവര്‍ ഇംഗ്ലീഷിലും മറ്റുള്ളവര്‍ മലയാളത്തിലുമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. അംഗങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ പൂച്ചെണ്ട് നല്‍കി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അംഗങ്ങളെ സഹായിച്ചു. കോവിഡ് നിയന്ത്രണം പാലിച്ച് മാസ്‌കും ഗ്ലൗസും ധരിച്ചാണ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തത്.

ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എം.പി പി. കരുണാകരന്‍, മുന്‍ എം.എല്‍.എമാരായ കെ.പി. സതീഷ് ചന്ദ്രന്‍, അഡ്വ. സി.എച്ച് കുഞ്ഞമ്പു, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍കുഞ്ഞി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഭരണസമിതി ആദ്യയോഗം ചേര്‍ന്നു. ഗീതാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് രാവിലെ 11 നും വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അന്ന് ഉച്ച രണ്ടിനും നടക്കുമെന്ന് അറിയിച്ചു. 

നഗരസഭകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28ന് രാവിലെ 11 നും ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് ഡിസംബര്‍ 30ന് രാവിലെ 11നും ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് അന്ന് ഉച്ച രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് അതാത് വരണാധികാരികളും മുനിസിപ്പാലിറ്റികളില്‍ കമ്മീഷന്‍ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക.