പരാതികളില്ലാതെ തദ്ദേശ തെരഞ്ഞെടുപ്പ്

post

കാസര്‍കോട്: ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണം, ചിട്ടയായ പരിശീലനം, അവധിയില്ലാത്ത ഓഫീസുകളുടെ പ്രവര്‍ത്തനം, സര്‍വ്വ രംഗങ്ങളിലും  കണിശതയും കാര്യപ്രാപ്തിയും വ്യക്തമാക്കുന്നതായി തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി  നടത്തിയ പ്രവര്‍ത്തനങ്ങള്‍.  തെരഞ്ഞെടുപ്പ് പരാതികളില്ലാതെ വിജയകരമായി നടത്താനായത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബുവിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണ സംവിധാനത്തിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവലായി. 38 ഗ്രാമപഞ്ചായത്തുകളിലേയും മൂന്ന് മുന്‍സിപാലിറ്റികളിലേയും ആറ് ബ്ലോക്കുപഞ്ചായത്തുകളിലേയും വരണാധികാരികളെ നിരവധി തവണ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗങ്ങള്‍ നടത്തിയും നേരിട്ട് പരാതികള്‍ പരിഹരിച്ചുമാണ് ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്. പരിശീലന പരിപാടികള്‍ അടുക്കും ചിട്ടയോടെ സംഘടിപ്പിച്ചതും പരാതി രഹിതമായ തെരഞ്ഞെടുപ്പിന് മുതല്‍ക്കൂട്ടായി. ജില്ലാ പോലീസ് മേധാവി ഡി ശില്‍പ യുടെ നേതൃത്വത്തില്‍ ജില്ലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ പഴുതടച്ച് ഒരുക്കിയതും മറ്റൊരു നേട്ടമായി. തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്റെ മല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് വിഭാഗം പ്രവര്‍ത്തിച്ചത്. എ ഡി എം എന്‍. ദേവീദാസ് ഉദ്യോഗസ്ഥ സംവിധാനത്തെ തെരഞ്ഞെടുപ്പില്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. പപഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതോടൊപ്പം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ജെയ്സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടലംഘനങ്ങളും പരിശോധിച്ചു.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി. രാംദാസിന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗവും ഇത്തവണ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി. നിശ്ചയിച്ച സമയത്ത് സ്ട്രോങ്ങ് റൂമുകള്‍ സജ്ജമാക്കാനും ബൂത്തുകള്‍ ഒരുക്കുന്നതിനും വോട്ടെടുപ്പ് നടത്തുന്നതിനും വോട്ടെണ്ണി ഫലം പ്രസിദ്ധീകരിക്കുന്നതിനുമെല്ലാം ജില്ല മാതൃകയായി.