സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയറുകള്‍ക്ക് തുടക്കമായി

post

തിരുവനന്തപുരം : സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയര്‍ 2020 ന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

ജനമനസില്‍ സ്ഥാനം നേടാന്‍ സര്‍ക്കാരിന്റെ പൊതുവിതരണ നടപടികള്‍ക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ആഘോഷകാലത്തും ജനങ്ങള്‍ക്ക് സഹായകമാകുന്ന പിന്തുണ നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. വിലക്കയറ്റം വലിയതോതില്‍ തടയുന്നതിനാണ് സപ്ലൈകോയുടെയും മറ്റു പൊതുവിതരണ ശൃംഖലകളുടെയും നേതൃത്വത്തില്‍ ചന്തകള്‍ നടത്തുന്നത്. കോവിഡ് കാലത്ത് സപ്ലൈകോ നിരന്തരമായ ഇടപെടല്‍ നടത്തിയത് കേരളത്തിലെ ജനങ്ങള്‍ക്ക് നല്ല രീതിയില്‍ ആശ്വാസം നല്‍കി. മഹാമാരിക്കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിവരുന്ന കിറ്റിനൊപ്പം ക്രിസ്മസ് കാലം കൂടി കണക്കിലെടുത്ത് കൂടുതല്‍ ഇനങ്ങളുമായാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തും കോട്ടയത്തും ആലപ്പുഴയിലുമാണ് പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മറ്റെല്ലാ സ്ഥലങ്ങളിലും ഒരു കുറവും വരുത്താതെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ക്രിസ്മസ് ഫെയറായി പ്രവര്‍ത്തിക്കും. എല്ലാവര്‍ക്കും അമിതവില നല്‍കാതെ നല്ല സാധനങ്ങള്‍ ലഭ്യമാക്കുകയാണ് ഈ ചന്തകളുടെ ലക്ഷ്യം. ഇത്തവണ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകണം ചന്തകളുടെ പ്രവര്‍ത്തനം. ഹോര്‍ട്ടികോര്‍പ്, എം.പി.ഐ, പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, വിവിധ സഹകരണ സംഘങ്ങള്‍ എന്നിവയുടെ ഉത്പന്നങ്ങളും സഹകരണവും ചന്തകള്‍ക്കുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഹരിത എസ്. കുമാര്‍, അഡ്വ. ജി.ആര്‍. അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സപ്ലൈകോ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ്. റാണി നന്ദിയും പറഞ്ഞു. പ്രധാന ഇനങ്ങളുടെ കിലോയ്ക്കുള്ള സബ്‌സിഡി വില്‍പന വില ചുവടെ (ബ്രാക്കറ്റില്‍ നോണ്‍ സബ്‌സിഡി വില്‍പനവില).

ചെറുപയര്‍ 74 (92), ഉഴുന്ന് 66 (109), കടല 43 (70), വന്‍പയര്‍ 45 (74), തുവരന്‍പരിപ്പ് 65 (112), പഞ്ചസാര 22 (39.50), മുളക് 75 (164), മല്ലി 79 (92), ജയ അരി 25 (31), മാവേലി പച്ചരി 23 (25.50), മട്ട അരി 24 (29). സപ്ലൈകോ ക്രിസ്മസ് ഫെയറുകള്‍ 24വരെ തുടരും.