ജനവിധി രാവിലെ എട്ടുമണിമുതല്‍ അറിയാം; വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി

post

ആലപ്പുഴ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ  വോട്ടെണ്ണല്‍ ഇന്ന് (ഡിസംബര്‍ 16 ) രാവിലെ 8 മണി മുതല്‍ ആരംഭിക്കും. 18 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും സുതാര്യമായും കൃത്യതയോടെയുമാണെന്ന് ഉറപ്പാക്കുന്നതിന്   എല്ലാ ക്രമീകരണങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും  ജില്ലാ ഭരണകൂടവും ചേര്‍ന്ന്  പൂര്‍ത്തിയാക്കി.  വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ തന്നെ കമ്മീഷനെയും മീഡിയ സെന്ററുകളെയും  പൊതുജനങ്ങളെയും അറിയിക്കുന്നതിനായി ട്രെന്‍ഡ് സോഫ്റ്റ്‌വെയറിലേക്ക് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട് വിവരം അപ്‌ലോഡ് ചെയ്യുന്നതിനായി കൗണ്ടിംഗ് സെന്ററിനോട് ചേര്‍ന്ന്  ഡാറ്റാ അപ്‌ലോഡിങ് സെന്ററുള്‍പ്പടെയുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.  ഡാറ്റാ  അപ്‌ലോഡിങ് സെന്ററിന്റെ മേല്‍നോട്ടം വഹിക്കുന്നതിന്  ഒരു ഓഫീസറെയും ടെക്‌നിക്കല്‍ സപ്പോര്‍ട്ടിനായി  കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ആളെയും നിയോഗിച്ചിട്ടുണ്ട്. 

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റ്

18 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റ് ആണ്. ജില്ല പഞ്ചായത്തിന്റെ റിട്ടേണിങ് ഓഫീസര്‍ ജില്ല കളക്ടര്‍ ആയതിനാല്‍ കളക്ട്രേറ്റിലായിരിക്കും ജില്ല പഞ്ചായത്തിന്റെ പോസ്റ്റല്‍ വോട്ടുകളും കോവിഡ് രോഗികള്‍ക്കുള്ള സ്‌പെഷ്യല്‍ ബാലറ്റുകളും ! എണ്ണുക. മറ്റ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എണ്ണുന്ന ജില്ല പഞ്ചായത്ത് ഫലങ്ങള്‍ ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍മാര്‍ പരിശോധിച്ചതിന് ശേഷം ജില്ല കളക്ടര്‍ക്ക് നല്‍കും. ഇവിടെ അവ ഒരിക്കല്‍കൂടി പരിശോധിച്ച ശേഷം ഒരുമിച്ച് കൂട്ടി ഫലം പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്തിലെ  മുഴുവന്‍ പോസ്റ്റല്‍ ബാലറ്റുകളും ജില്ലാ പഞ്ചായത്ത് വരണാധികാരിയുടെ നേത്യത്വത്തില്‍ ജില്ലാതലത്തില്‍ ആണ് എണ്ണുന്നത്.  കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ല പഞ്ചായത്ത് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് എട്ട് ടേബിളുകള്‍ സജ്ജീകരിച്ചു.

ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് ഓരോ തലത്തിലെയും സാധാരണ പോസ്റ്റല്‍ ബാലറ്റുകളും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളും അതാത് വരണാധികാരികള്‍ ആണ് എണ്ണുന്നത്.  മുനിസിപ്പാലിറ്റിയില്‍ ചുമതലപ്പെടുത്തിയിട്ടുളള വാര്‍ഡുകളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ നിശ്ചിത റിട്ടേണിങ് ഓഫീസര്‍മാര്‍ എണ്ണും. 

 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് മുന്‍പ് പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ ചെറിയ കവറിനോടൊപ്പം സാക്ഷ്യപ്പെടുത്തിയ ഫാറം 16 സി ലെ സത്യപ്രസ്താവനയുണ്ടായെന്ന് പരിശോധിക്കും. വോട്ടെണ്ണല്‍ ആരംഭിച്ചതിന് ശേഷം വരണാധികാരികള്‍ക്ക് ലഭിക്കുന്ന കവറുകള്‍ ഒരു കാരണവശാലും തുറക്കുന്നതല്ല. അവയ്ക്ക് പുറത്ത് സ്വീകരിച്ച സമയം രേഖപ്പെടുത്തി മറ്റ് രേഖകള്‍ക്കൊപ്പം സുരക്ഷിത സൂക്ഷിപ്പില്‍ വയ്ക്കും. 

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പൊതുനിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ ചില അധിക നിര്‍ദ്ദേശങ്ങള്‍ കൂടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.  കോവിഡ് പശ്ചാത്തലത്തില്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ തിരഞ്ഞെടുപ്പ് ഏജന്റിന് പുറമെ ഒരു കൗണ്ടിംഗ് ഏജന്റിനെ മാത്രം വോട്ടെണ്ണലിന് ചുമതലപ്പെടുത്താവുന്നതാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അവരുടെ തിരഞ്ഞെടുപ്പ് ഏജന്റിന് പുറമേ അവര്‍ മത്സരിക്കുന്ന വാര്‍ഡുകള്‍ ഉള്‍പ്പെട്ടുവരുന്ന ഓരോ ഗ്രാമപഞ്ചായത്തിനും ഒരാള്‍ വീതം എന്ന നിലയില്‍ കൗണ്ടിംഗ് ഏജന്റുമാരെ ചുമതലപ്പെടുത്താവുന്നതാണ്. 

ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്ന ഹാളിലേക്ക് ടേബിളുകളുടെ എണ്ണം കണക്കാക്കി സ്ഥാനാര്‍ത്ഥികള്‍ക്ക് കൗണ്ടിംഗ് ഏജന്റുമാരെ നിയോഗിക്കുന്നതിനുള്ള അനുമതി വരണാധികാരി നല്‍കും. സാധാരണ പോസ്റ്റല്‍ ബാലറ്റിനും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനുമൊപ്പം വോട്ടര്‍മാര്‍ സമര്‍പ്പിക്കുന്ന ഫാറം 16 ലെ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്ന ഓഫീസറുടെ ഒപ്പും പേരും മേല്‍വിലാസവും ചേര്‍ത്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സീലോ ഓഫീസ് സീലോ ഇല്ലായെന്ന കാരണത്താല്‍ ആ ബാലറ്റ് തള്ളിക്കളയാന്‍ പാടില്ലാത്തതാണെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഫാറം 19/ ഫാറം 19 ഇ ലെ വലിയ കവറിനുപുറത്ത് അയക്കുന്ന ആളിന്റെ ഒപ്പ് ഇല്ലായെന്ന കാരണത്താലും പോസ്റ്റല്‍ ബാലറ്റ് തള്ളിക്കളയാന്‍ പാടില്ലാത്തതാണ്.

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് വിതരണം ചെയ്ത സാധാരണ പോസ്റ്റല്‍ ബാലറ്റുകളുടെയും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളുടെയും എണ്ണം ബന്ധപ്പെട്ട കൗണ്ടിംഗ് ഏജന്റുമാരെ അതാത് വരണാധികാരികള്‍ അറിയിക്കും.  ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ കൗണ്ടിംഗ് ഏജന്റുമാരെ നിയോഗിക്കുന്നതിന് ആവശ്യം ഉന്നയിക്കുന്ന പക്ഷം കൗണ്ടിംഗ് ഹാളില്‍ ജനക്കൂട്ടം ഉണ്ടാകാത്തവിധം വരണാധികാരികള്‍ക്ക് ഒരു ടേബിളില്‍ പരമാവധി ഒരു ഏജന്റ് എന്ന ക്രമത്തില്‍ നിയമനം നടത്താവുന്നതാണെന്ന് തിരഞ്ഞെടുപ്പ് അറിയിച്ചു . കൗണ്ടിംഗ് ഹാളില്‍ കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കമമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന ആഹ്ലാദ പ്രകടനങ്ങള്‍ കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിച്ചാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.