ഇടുക്കി ജില്ല ഇനി ശ്രവണ സൗഹൃദ ജില്ല

post

ഇടുക്കി: ജില്ലയെ സമ്പൂര്‍ണ ശ്രവണ സൗഹൃദ (ഹിയറിങ് ഫ്രണ്ട്ലി) ജില്ലയായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പ്രഖ്യാപിച്ചു.  ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) ന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയെ പദവിക്ക് അര്‍ഹമാക്കിയത്. ഐ.എ.പി മലനാട്-ഇടുക്കി ബ്രാഞ്ചുകള്‍ എന്നിവരുടെ സഹകരണത്തിലാണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഡോ.രഹന ടി ആണ് പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍.

ജില്ലയില്‍ പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെയും നവജാതശിശുക്കള്‍ക്ക് കേള്‍വി പരിശോധന നടത്തുന്ന പ്രവര്‍ത്തനമാണ് പദ്ധതിയുടെ ഭാഗമായി നടത്തിയത് . ജനിച്ച്  48 മണിക്കൂറിനുള്ളില്‍ നവജാതശിശുക്കള്‍ക്ക് ഓട്ടോ അക്വസ്റ്റിക് എമിഷന്‍ (ഒഎഇ) എന്ന സ്‌ക്രീനിങ് പരിശോധന നടത്തും. ഓഡിയോളജിസ്റ്റിന്റെ സഹകരണത്തോടെയാണിത്.  കേള്‍വി വൈകല്യം സംസാരശേഷിയെ സാരമായി ബാധിക്കും. ബുദ്ധിപരമായ ന്യൂനതകള്‍ക്കും ഇത് വഴിവെക്കും. ശിശു ജനിച്ച് മണിക്കൂറുകള്‍ക്കകം നടത്തുന്ന പരിശോധനയിലൂടെ ശ്രവണ വൈകല്യം നേരത്തേ കണ്ടെത്താനും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാനും സാധിക്കും. സൗഹൃദ ജില്ലാ പ്രഖ്യാപന സര്‍ട്ടിഫിക്കറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ പ്രിയയ്ക്ക് ജില്ലാ കളക്ടര്‍  കൈമാറി.