തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : ജില്ല തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്

post

കാസര്‍കോട്: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനും ഒരു മാസക്കാലം നീണ്ട പ്രചരണ പരിപാടികള്‍ക്കും ശേഷം ജില്ലയിലെ വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ആരോഗ്യ വകുപ്പും നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് പതിവ് കൊട്ടിക്കലാശങ്ങളോ വലിയ പ്രകടനങ്ങളോ ഇല്ലാതെയായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക്  ടോക്കണ്‍ നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. വൈകിട്ട് അഞ്ചു മണി മുതല്‍ ഒരു മണിക്കൂര്‍ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും നിരീക്ഷണത്തില്‍ ആകുന്നവര്‍ക്കും പി. പി. ഇ കിറ്റുകള്‍ ധരിച്ചു കൊണ്ട് പോളിങ് സ്റ്റേഷനുകളില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. 

2962 സ്പെഷ്യല്‍ വോട്ടേര്‍സായിരുന്നു ഡിസംബര്‍ 11 വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ 1447 പേര്‍ക്കും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തു കഴിഞ്ഞു.