ജി. വി. രാജാ അവാര്‍ഡ് മുഹമ്മദ് അനസിനും പി. സി. തുളസിക്കും

post

2018ലെ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2018ലെ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജി. വി. രാജാ അവാര്‍ഡിന് പുരുഷ വിഭാഗത്തില്‍ അത്‌ലറ്റിക്‌സ് താരം മുഹമ്മദ് അനസും വനിതാ വിഭാഗത്തില്‍ ബാഡ്മിന്റണ്‍ താരം പി. സി. തുളസിയും അര്‍ഹരായി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററിലെ വെള്ളിമെഡല്‍ നേട്ടമാണ് മുഹമ്മദ് അനസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ നേട്ടവും യൂബര്‍ കപ്പിലെ നേട്ടവുമാണ് പി. സി. തുളസിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് കായികവകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലോങ്ജംപ് പരിശീലകന്‍ ടി. പി. ഔസേപ്പിനാണ്. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച കായിക പരിശീലകനുള്ള അവാര്‍ഡ് ഫുട്‌ബോള്‍ പരിശീലകന്‍ സതീവന്‍ ബാലനാണ്. 13 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിന് നേടികൊടുത്തതും അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് ഹാട്രിക്ക് കിരീടവും നേടിക്കൊടുത്ത പരിശീലകനാണ് സതീവന്‍ ബാലന്‍. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കോളേജ് തലത്തിലെ കായിക അധ്യാപകനുള്ള അവാര്‍ഡ് കണ്ണൂര്‍ എസ്. എന്‍. കോളേജിലെ  ഡോ. കെ. അജയകുമാറിനാണ്. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സ്‌കൂള്‍ തലത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് അക്കാഡമിയിലെ അത്‌ലറ്റ് സാന്ദ്ര ബാബു അര്‍ഹയായി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കോളേജ് തലത്തില്‍ പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജിലെ അത്‌ലറ്റ് നിബിന്‍ ബൈജു അര്‍ഹനായി. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കോളേജ് തലത്തില്‍ വനിതാ വിഭാഗത്തില്‍ കോതമംഗലം എം. എ. കോളേജിലെ അത്‌ലറ്റ് വി. കെ വിസ്മയയും അര്‍ഹയായി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സ്‌കൂള്‍തലത്തിലെ കായിക അദ്ധ്യാപകനായി പാലക്കാട് മാത്തൂര്‍ സി. എഫ്. ഡി. എച്ച്. എസിലെ കെ. സുരേന്ദ്രനെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച കായികനേട്ടം കൈവരിച്ച കോളേജിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനാണ്. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. മികച്ച കായിക നേട്ടം കൈവരിച്ച സ്‌കൂളിനുള്ള അവാര്‍ഡ് പുല്ലൂരംപാറ സെന്റ് ജോസഫ് ഹൈസ്‌കൂളിനാണ്. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സ്‌പോര്‍ട്‌സ് പുസ്തകത്തിനുള്ള പുരസ്‌കാരം ബി. ടി. സിജിന്‍, ഡോ. ആര്‍. ഇന്ദുലേഖ എന്നിവര്‍ രചിച്ച 'ഒരു ഫുട്‌ബോള്‍ ഭ്രാന്തന്റെ ഡയറി' ക്കാണ്. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ദൃശ്യ മാധ്യമവിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ജോബി ജോര്‍ജ്ജും അച്ചടി മാധ്യമ വിഭാഗത്തില്‍ ദീപികയുടെ തോമസ് വര്‍ഗീസും ഫോട്ടോഗ്രഫി വിഭാഗത്തില്‍ ദേശാഭിമാനിയുടെ ജഗത് ലാലും മാധ്യമ അവാര്‍ഡിന് അര്‍ഹരായി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍.
വിവിധ അവാര്‍ഡുകള്‍ക്കായി അപേക്ഷിച്ചവര്‍ക്ക് പ്രത്യേക പുരസ്‌കാരവും പ്രഖ്യപിച്ചു. വനിത ബാഡ്മിന്റണ്‍ താരം അപര്‍ണ്ണ ബാലന്‍, അമൃത ടി. വി. റിപ്പോര്‍ട്ടര്‍ ദീപക് ധര്‍മ്മടം, തേവര എസ്. എച്ച്. കോളേജിലെ കായിക അധ്യാപകന്‍ ഡോ. കെ. എ. രാജു, സ്‌പോര്‍ട്‌സ് ലേഖകന്‍ എം. എം. ജാഫര്‍ ഖാന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍. പതിനായിരത്തൊന്ന് രൂപയാണ് പുരസ്‌കാരത്തുക. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, സെക്രട്ടറി സഞ്ജയന്‍ കുമാര്‍, മറ്റ് ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ പങ്കെടുത്തു.