തദ്ദേശ തിരഞ്ഞെടുപ്പ്: മാലിന്യ നിര്‍മാര്‍ജനം ഡിസംബര്‍ 13 നുള്ളില്‍ പൂര്‍ത്തിയാക്കണം

post

കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന്  നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ മാലിന്യ നിര്‍മാര്‍ജനം ഡിസംബര്‍ 13 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന്  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.  സ്ഥാനാര്‍ഥികളുടെ ഫഌ്‌സ് ബോര്‍ഡുകള്‍, നോട്ടീസ്, പോസ്റ്ററുകള്‍ തുടങ്ങിയവ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പുനചംക്രമണ ഏജന്‍സികള്‍ക്ക് കൈമാറണം. കൂടാതെ പൊതുസ്ഥലങ്ങളില്‍ നിന്നുള്ള  അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ മുഖേന ക്ലീന്‍ കേരളയ്ക്ക് കൈമാറാം. അല്ലാത്തപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ മാലിന്യം പുനചംക്രമണ ഏജന്‍സികള്‍ക്ക് നല്‍കണം. അതുമായി ബന്ധപ്പെട്ട ചെലവ് സ്ഥാനാര്‍ഥികളില്‍ നിന്നും ഈടാക്കാം. പുനചംക്രമണ ഏജന്‍സികള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയോ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം

പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള പൊതു മാലിന്യങ്ങളും തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന കവറുകള്‍, പേപ്പര്‍    ബോക്‌സുകള്‍ തുടങ്ങിയവയും പഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മുഖേന ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍  വേര്‍തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കണം.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ച ഗ്ലൗസ്, മാസ്‌ക്, പി പി ഇ കിറ്റ് മുതലായ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍  മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ മലിന്യസംസ്‌കരണത്തിന് ഇമേജിന് കൈമാറണമെന്നും ശുചിത്വ മിഷന്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു