കൊവിഡ്: വോട്ടര്‍മാരും പോളിങ്ങ് ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണം

post

കണ്ണൂര്‍ : കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും വോട്ടര്‍മാരും  സ്ഥാനാര്‍ഥികളും  ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. സാമൂഹിക അകലം പാലിക്കുക,  ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, സോപ്പോ സാനിറ്റൈസറോ  ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക, ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിച്ച് കരുതലോടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പൊതുജനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊതുജനങ്ങള്‍ പോളിംഗ് സ്റ്റേഷന്‍ പരിസരത്ത് സാമൂഹിക അകലം പാലിക്കണം. വായും മൂക്കും മൂടുന്ന വിധം ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചു മാത്രമേ വോട്ട് ചെയ്യാന്‍ പോകാവൂ. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താതിരിക്കുക. പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും കൈകള്‍ അണുവിമുക്തമാക്കുക. ബൂത്തില്‍ തിരിച്ചറിയല്‍ സമയത്ത് ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക. രജിസ്റ്ററില്‍ ഒപ്പിടാനുള്ള പേന കൈയില്‍ കരുതുക.  വോട്ട് ചെയ്ത ശേഷം കൂട്ടം കൂടാതെ പിരിഞ്ഞു പോകുക തുടങ്ങിയ കാര്യങ്ങളില്‍ സമ്മതിദായകര്‍ ശ്രദ്ധപുലര്‍ത്തണം.

ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പായ്ക്ക് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കൈയുറ, മാസ്‌ക്,  സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം.  പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ് ഷീല്‍ഡും ധരിക്കണം. പോളിംഗ് ഏജന്റുമാര്‍ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ കരുതുകയും വേണം. എല്ലാവരും തമ്മില്‍ രണ്ട് മീറ്റര്‍ എങ്കിലും സാമൂഹിക അകലം പാലിക്കണം.  പോളിംഗ് ഏജന്റുമാരുടെ ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം. പോളിംഗ് ബൂത്തിന് പുറത്തും അകത്തും കൈകള്‍ അണുവിമുക്തമാക്കാനും വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കാനുമുള്ള സംവിധാനം ഒരുക്കണം. ബൂത്തിനകത്തേക്ക് ഒരേ സമയം മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഭക്ഷണം പ്രത്യേകം ഇടങ്ങളില്‍ ഇരുന്ന് മാത്രമേ കഴിക്കാവൂ.  തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലെത്തുന്ന ഉദ്യോഗസ്ഥര്‍  ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന രീതിയില്‍ വ്യക്തി ശുചിത്വം ഉറപ്പ് വരുത്തണമെന്നും ഡി എം ഒ നിര്‍ദേശിച്ചു.