മുറ്റത്തെ മുല്ല പദ്ധതി : ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം

post

കൊല്ലം : സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് മുറ്റത്തെമുല്ല പദ്ധതിയുടെ ലക്ഷ്യമെന്ന് വനം മന്ത്രി കെ രാജു. അഞ്ചല്‍ സര്‍വീസ് സഹകരണ ബാങ്കിലെ മുറ്റത്തെമുല്ല ഗ്രാമീണ ലഘു വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ സഹായത്തോടെ കുടുംബശ്രീ വനിതകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് സഹകരണ വകുപ്പ് ആസൂത്രണം ചെയ്ത പദ്ധതിയാണ് മുറ്റത്തെമുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതി. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനൊപ്പം സാധാരണക്കാരായ ജനങ്ങളെ കൊള്ള പലിശക്കാരില്‍ നിന്നും സംരക്ഷിക്കുന്നതിനും കഴിയും. വട്ടിപ്പലിശ രഹിത ജില്ലാ പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യവായ്പാ വിതരണം കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ നിര്‍വഹിച്ചു. അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ നാല്  കുടുംബശ്രീ യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ക്ക് 10 ലക്ഷം രൂപ വീതം വായ്പാതുക കൈമാറി.