കോവിഡ് പ്രതിരോധം തീര്‍ത്ത് വോട്ടിംഗ്

post

പാലക്കാട് : കോവിഡ് പ്രതിരോധ മുന്‍കരുതലുകളുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്ന് (ഡിസംബര്‍ 10) വോട്ടിംഗ് നടക്കും. വോട്ടര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ കയ്യില്‍ കരുതുകയും വേണം. ബൂത്തുകളില്‍ കുടിവെള്ളം സജ്ജീകരിക്കുമെങ്കിലും വോട്ടര്‍മാര്‍ കുടിവെള്ളം കയ്യില്‍ കരുതുന്നത് നല്ലതാണ്. വോട്ടിംഗിന് മുന്‍പും ശേഷവും കൈകള്‍ സാനിറ്റൈസ് ചെയ്യണം. വോട്ടിംഗിനു മുന്‍പും ശേഷവും സാനിറ്റൈസ് ചെയ്യുന്നതിനുള്ള സൗകര്യം ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍, അസിസ്റ്റന്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വോട്ടര്‍മാരെ തിരിച്ചറിയാന്‍ ബൂത്തിലുള്ളവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം മാസ്‌ക് മാറ്റാം. ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് വോട്ട് ചെയ്യാം. ഒപ്പിടാനുള്ള പേന കയ്യില്‍ കരുതണം. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാതെ തിരികെ പോകണം. വോട്ട് ചെയ്യുന്നതിനായി പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം വരികള്‍ ഉണ്ടാകും. വരികളില്‍ സാമൂഹിക അകലം പാലിച്ച് നില്‍ക്കാന്‍ പ്രത്യേകം രേഖപ്പടുത്തിയിട്ടുണ്ടാകും. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ നേരിട്ട് പോയി ചെയ്യാം. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, ഫേസ് ഷീല്‍ഡ്, പി പി ഇ കിറ്റ് എന്നിവ നല്‍കിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായ രോഗികള്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ പി പി ഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യിപ്പിക്കുക.