തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍

post

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടെണ്ണല്‍ 2020 ഡിസംബര്‍ 16 ന് രാവിലെ എട്ട് മണി മുതലാണ് ആരംഭിക്കുന്നത്.   ത്രിതല പഞ്ചായത്തുകളെ  സംബന്ധിച്ച്  ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളെ  സംബന്ധിച്ച് അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളുമാണ് വാട്ടെണ്ണല്‍ കേന്ദ്രങ്ങളായി  നിശ്ചയിച്ചിട്ടുള്ളത്.

ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണല്‍  കേന്ദ്രങ്ങളിലെ  അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട ചുമതല  ബ്ലോക്ക് പഞ്ചായത്ത്  സെക്രട്ടറിമാര്‍ക്കും  മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളെ സംബന്ധിച്ച് അതത് സെക്രട്ടറിമാര്‍ക്കുമാണ്.  വോട്ടെണ്ണല്‍  പുരോഗതി അപ്പപ്പോള്‍ തന്നെ കമ്മീഷനെയും മീഡിയാ സെന്ററുകളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിന്  TREND സോഫ്റ്റ് വെയറില്‍ അപ് ലോഡ് ചെയ്യുന്നതിന്  കൗണ്ടിംഗ് സെന്ററില്‍ ബ്ലോക്ക് വരണാധികാരിയുടെ ഹാളിന് സമീപവും  നഗരസഭകളിലെ  കൗണ്ടിംഗ് സെന്ററുകളിലും ഡേറ്റാ അപ്ലോഡിംഗ് സെന്ററിന് വേണ്ടി പ്രത്യേക മുറി സജ്ജമാക്കും.   ഡേറ്റാ അപ് ലോഡിംഗ് സെന്ററിന്റെ മേല്‍നോട്ടം  വഹിക്കുന്നതിന് സൂപ്രണ്ട് തസ്തികയിലുള്ള ഒരു ഓഫീസറെയും  ടെക്നിക്കല്‍  സപ്പോര്‍ട്ടിനായി  ഇന്‍ഫര്‍മേഷന്‍  കേരളാ മിഷനില്‍ നിന്ന്  ബ്ലോക്ക് ഓഫീസിലോ മുനിസിപ്പല്‍  ഓഫീസിലോ  നിയമിച്ചിട്ടുള്ള  ഒരു കമ്പ്യൂട്ടര്‍ വിദഗ്ധനെയും  നിയോഗിക്കും.  ബ്ലോക്ക് പഞ്ചായത്തിലെ  സെന്ററിലേക്ക്  പ്രദേശത്തുള്ള ഗ്രാമപഞ്ചായത്തുകളിലെ അഞ്ചില്‍ കുറയാത്ത ടെക്നിക്കല്‍ അസിസ്റ്റന്റുമാരെയും  ഡേറ്റാ എന്‍ട്രിയ്ക്ക് ചുമതലപ്പെടുത്തും.

മുനിസിപ്പാലിറ്റി  കോര്‍പ്പറേഷനുകളിലെ ഡാറ്റാ സെന്ററുകളില്‍ ഇഫര്‍മേഷന്‍ കേരളാ മിഷനില്‍ നിന്നുള്ള രണ്ടോ അതിലധികമോ  ഡാറ്റാ എന്റട്രി  ഓപ്പറേറ്റര്‍മാരെ  നിയോഗിക്കും. ഗ്രാമപഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത് , ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് തലത്തിലേയ്ക്കും ഓരോ കമ്പ്യൂട്ടര്‍  വീതം സജ്ജമാക്കുകയും മൂന്ന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ഇതിലേക്ക് ഡാറ്റാ എന്‍ട്രി വരുത്തുന്നതിന്  നിയോഗിക്കുകയും ചെയ്യും. ബാക്കി കമ്പ്യൂട്ടറുകള്‍ സ്റ്റാന്‍ഡ് ബൈ ആയും ഓപ്പറേറ്റര്‍മാരെ പകരക്കാരായും വിന്യസിക്കും.

ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണല്‍  കേന്ദ്രങ്ങളില്‍  ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും  ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക പ്രത്യേകം കൗണ്ടിംഗ് ഹാളുകളോ മുറികളോ സജ്ജീകരിക്കും.  മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളെ സംബന്ധിച്ച് ഓരോ വരണാധികാരിക്കും പ്രത്യേകം  കൗണ്ടിംഗ് ഹാള്‍ സജ്ജമാക്കും. ഓരോ ഗ്രാമപഞ്ചായത്തിന്റെയും കൗണ്ടിംഗ്  ഹാളില്‍ വരണാധികാരിക്കുള്ള വേദിക്ക് സമീപം വോട്ടെണ്ണല്‍, ടാബുലേഷന്‍, പാക്കിംഗ് എന്നിവയ്ക്ക് പ്രത്യേകം മേശകളും സജ്ജീകരിക്കും. പരമാവധി എട്ട് പോളിങ്  സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിംഗ് ടേബിള്‍ എന്ന രീതിയിലാണ് ടേബിളുകള്‍ സജ്ജീകരിക്കുക.  ഇത്തരത്തില്‍  ഓരോ സ്ഥാപനത്തിന്റെയും  ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിന് ആനുപാതികമായി കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കും.  ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെ ക്രമീകരിക്കും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക . ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികള്‍ മാത്രമാണ് എണ്ണേണ്ടത്. കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള മേശകളുടെ എണ്ണം കണക്കാക്കി വേണം കണ്‍ട്രോള്‍ യൂനിറ്റുകള്‍ സ്ട്രോംങ്ങ് റൂമില്‍ നിന്ന് ഏറ്റു വാങ്ങേണ്ടത്. ഒന്നാം വാര്‍ഡ് മുതല്‍ ക്രമത്തില്‍ വേണം വോട്ടണ്ണല്‍ ആരംഭിക്കേണ്ടത്. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്ന ക്രമത്തില്‍ സ്റ്റാഫിനെ നിയമിക്കും.  നഗരസഭകളില്‍ ഒരു സൂപ്പര്‍വൈസറിനെയും ഒരു കൗണ്ടിംഗ് അസിസ്റ്റന്റിനെയുമാണ് നിയമിക്കുക. ടാബുലേഷന്‍ പാക്കിംങ്ങ് എന്നിവയ്ക്ക് പ്രത്യേക സ്റ്റാഫിനെ നിയമിക്കും. ഓരോ പോളിങ് സ്റ്റേഷന്റെയും വോട്ട് നിലവാരം രേഖപ്പെടുത്തുന്നതിന്‌ ട്രെന്റില്‍ നിന്ന് കൗണ്ടിംഗ് സ്ലിപ്പ് മുന്‍കൂറായി ഡൗണ്‍ലോഡ് ചെയത് പ്രിന്റ് എടുക്കണം. വോട്ടെണ്ണല്‍  പൂര്‍ത്തിയാവുന്ന മുറയ്ക്ക് കൗണ്ടിംഗ് സൂപ്പര്‍വൈസറുമാര്‍ ഫോം 24 എ യില്‍ ഫലം രേഖപ്പെടുത്തണം. ഏതോടപ്പം ട്രെന്റില്‍ നിന്ന് ലഭിക്കുന്ന കൗണ്ടിംഗ്  സ്ലിപ്പ് പൂരിപ്പിച്ച് ഒപ്പ് രേഖപ്പെടുത്തുകയും വേണം. തുടര്‍ന്ന് കൗണ്ടിംഗ് സ്ലിപ്പ് നിയോഗിക്കപ്പെട്ട ജീവനക്കാരന്‍ മുഖേന ഡേറ്റാ അപ് ലോഡിംഗ് സെന്ററില്‍ ലഭ്യമാക്കും. ഗ്രാമപഞ്ചായത്ത് വരണാധികാരി ഓരോ വാര്‍ഡിലെയും കൗണ്ടിംഗ് പൂര്‍ത്തിയായ ഉടന്‍ ഫോം 24 എ യില്‍  ഒപ്പു രേഖപ്പെടുത്തി ഫോം 25  ലെ റിസല്‍ട്ട് ഷീറ്റ്  തയ്യാറാക്കണം. ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകളുടെ 24 എ ഫോമുകള്‍ ഉടന്‍ തന്നെ ബ്ലോക്ക് വരണാധികാരിക്ക് ലഭ്യമാക്കുകയും വേണം. ഫോം 25 , 25 എ, 26 27 എന്നിവ സെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൗണ്ടിംഗ് ഹാളില്‍ നിന്ന് കൗണ്ടിംഗ് സ്ലിപ്പ് ഡേറ്റാ അപ് ലോഡിംഗ് സെന്ററിലേക്കും 24 എ ഫോമുകള്‍ ബ്ലോക്ക് വരണാധികാരികള്‍ക്കും ലഭ്യമാക്കുന്നതിന് ഓരോ പഞ്ചായത്തുകളിലേക്കും ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തും.  

വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫോം 25 ലെ റിസള്‍ട്ട് ഷീറ്റ് തയ്യാറാക്കുന്ന മുറയ്ക്ക് ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിലെയും ഫലപ്രഖ്യാപനം ഗ്രാമപഞ്ചായത്ത് വരണാധികാരി നടത്തും . ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി, വിവിധ ഗ്രാമപഞ്ചായത്ത് കൗണ്ടിംങ് മേശകളില്‍ നിന്നും ലഭിക്കുന്ന ടാബുലേഷന്‍ ഷീറ്റുകളുടെ അടിസ്ഥാനത്തില്‍ ഓരോ ബ്ലോക്ക് വാര്‍ഡിലെയും വോട്ടുകള്‍ ക്രമീകരിച്ച് ആ ബ്ലോക്ക് വാര്‍ഡുകളുടെ ഫലപ്രഖ്യാപനം നടത്തേണ്ടതാണ്. ജില്ലാപഞ്ചായത്ത് വാര്‍ഡുകളിലെ 24 എ ഫോമുകള്‍ ശേഖരിച്ച് ബ്ലോക്ക് വരണാധികാരി കഴിവതും വേഗം പ്രത്യേക ദൂതന്‍ മുഖേന ജില്ല വരണാധികാരിക്ക് ലഭ്യമാക്കും . ഡേറ്റാ അപ് ലോഡിങ് സെന്ററില്‍ ലഭിക്കുന്ന കൗണ്ടിങ് സ്ലിപ്പ് ഫോമുകളിലെ വിവരങ്ങള്‍ അപ്പോള്‍ തന്നെ ഠഞഋചഉ ല്‍ അതത് സ്ഥലങ്ങളിലെ സിസ്റ്റത്തില്‍ കൃത്യതയോടെ എന്‍ട്രി വരുത്തുന്നുണ്ടെന്ന് അപ് ലോഡിങ് സെന്ററിലെ സൂപ്പര്‍വൈസര്‍മാര്‍ പ്രത്യേകം  ശ്രദ്ധിക്കണം.

വോട്ടെണ്ണലിന് ശേഷം ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് സുരക്ഷിത സൂക്ഷിപ്പില്‍ വെക്കേണ്ട രേഖകളും ഡിറ്റാച്ചബിള്‍ മെമ്മറി മൊഡ്യൂളും ബന്ധപ്പെട്ട ട്രഷറികളില്‍ സൂക്ഷിക്കണം.  നഗരസഭകളെ സംബന്ധിച്ച് മറ്റ് രേഖകളോടൊപ്പം ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കൂടി ട്രഷറികളില്‍ സൂക്ഷിക്കണം.സ്്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനൊപ്പമുള്ള രേഖകളും മറ്റ് രേഖകളോടൊപ്പം സുരക്ഷിത സൂക്ഷിപ്പില്‍ വെക്കും.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ആവശ്യമായ ജീവനക്കാരെ ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ അനുമതിയോടെ നിയമിച്ച് അതത് വരണാധികാരികള്‍ ഉത്തരവ് പുറപ്പെടുവിക്കും.  വോട്ടെണ്ണലിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും മുനിസിപ്പല്‍ സെക്രട്ടറിമാരും ഡിസംബര്‍ 17 ന് തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ജില്ലാകേന്ദ്രങ്ങളിലെ ഗോഡൗണുകളില്‍ തിരികെ എത്തിക്കണം.