തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ നിര്‍ണ്ണായകമായി ജില്ലാ മോണിറ്ററിംഗ് യൂണിറ്റ്

post

കൊല്ലം: സാങ്കേതിക തകരാറുകള്‍  സംബന്ധിച്ച പരാതികള്‍ നിരീക്ഷിച്ചും  വോട്ടിംഗ് ശതമാനക്കണക്കുകള്‍  തത്സമയം അപ്ഡേറ്റ് ചെയ്തും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ നിര്‍ണായക ഘടകമായി കലക്ട്രേറ്റിലെ ജില്ലാതല മോണിറ്ററിങ് യൂണിറ്റ്. വിവിധ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് പ്രിസൈഡിംഗ് ഓഫീസര്‍മാരും പോളിംഗ് ഓഫീസര്‍മാരും പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ വഴി പോസ്റ്റ് ചെയ്ത പരാതികള്‍  യഥാസമയം പരിഹരിക്കാന്‍ ജില്ലാതലത്തിലും ബ്ലോക്കുതലത്തിലുമുള്ള യൂണിറ്റിന്റെ സാങ്കേതിക വിഭാഗത്തിന് സാധിച്ചു.

കണ്‍ട്രോള്‍ യൂണിറ്റ് തകരാറുകളും ബാലറ്റ് യൂണിറ്റ് തകരാറുകളും വിച്ചേദിക്കപ്പെട്ട വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നതും  അടിയന്തര വൈദ്യസഹായം  ആവശ്യപ്പെടുന്നതുമായ പരാതികളാണ് ആപ്ലിക്കേഷനില്‍ പ്രധാനമായും രേഖപ്പെടുത്തിയത്.

ബൂത്തുകളില്‍ നിന്നുള്ള  ഇടവിട്ടുള്ള അപ്ഡേഷനിലൂടെ വോട്ടെടുപ്പ് സംബന്ധിച്ച ശതമാന കണക്കുകളും സ്ത്രീ, പുരുഷ എണ്ണം ഉള്‍പ്പടെയുള്ള അനുബന്ധ വിവരങ്ങളും  കണ്‍ട്രോള്‍ റൂമിലെ മോണിറ്ററില്‍ ലഭ്യമാക്കിയിരുന്നു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് പി ശോഭ, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഓരോ മണിക്കൂറിലും മോണിറ്ററിംഗ് യൂണിറ്റിന്റെ കണ്‍ട്രോള്‍ റൂമിലെത്തി വിവരങ്ങളും പ്രശ്നബാധിത ബൂത്തുകളിലെ  സ്ഥിതിഗതികളും വിലയിരുത്തി.

ജില്ലയുടെ പ്രത്യേക ആവശ്യ പ്രകാരം ബൂത്തുകളില്‍ നിന്ന്  നിശ്ചിത സമയം കഴിഞ്ഞിട്ടും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തത് നിരീക്ഷിക്കാന്‍ പോള്‍ മാനേജര്‍ അപ്ലിക്കേഷനില്‍ പ്രത്യേക ഓപ്ഷനും നല്‍കിയിരുന്നു.

വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം തിരഞ്ഞെടുപ്പ് സാമഗ്രികള്‍ തിരികെ ഏല്‍പ്പിക്കുന്ന സമയത്ത് പ്രിസൈഡിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വോട്ടിഗ് കണക്കുകളുടെ പൂര്‍ണ്ണ രൂപം സംസ്ഥാന ഇലക്ഷന്‍ കമ്മീഷന് ഓണ്‍ലൈനായി സമര്‍പ്പിക്കും.

ജില്ലാതല മോണിറ്ററിംഗ് യൂണിറ്റിന്റെ നിലവിലെ ടീം തന്നെ വോട്ടെണ്ണല്‍ പ്രവര്‍ത്തനങ്ങള്‍ക്കും  മേല്‍നോട്ടം വഹിക്കുമെന്നും ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും യൂണിറ്റിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായ എ സന്തോഷ് കുമാര്‍ പറഞ്ഞു.