പ്ലാസ്റ്റിക്കിന് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേളയുമായി ശുചിത്വസംഗമം

post

തിരുവനന്തപുരം: ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ബദലായുള്ള  ഉത്പന്ന പ്രദര്‍ശന വിപണന മേള 'ശുചിത്വസംഗമം 2020' തിന് തുടക്കമായി.കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങ് തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു . പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി പറഞ്ഞു.ആരോഗ്യപരമായ ജീവിതത്തിനും, മണ്ണും ജീവജാലങ്ങളും രക്ഷിക്കാനും ഇത് അനിവാര്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടാകണമെന്ന് അദ്ധേഹം പറഞ്ഞു. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. ആദ്യഘട്ട ബോധവത്കരണത്തിനു ശേഷമാകും ഇത്.

ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശസ്ഥാപനങ്ങളെയും ഈരംഗത്ത് ദേശീയതലത്തിലെ വിദഗ്ധരെയും പങ്കെടുപ്പിച്ച് 21, 22 തീയതികളില്‍ ശുചിത്വസംഗമം നടത്തുന്നതിന് മുന്നോടിയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ബദലായി പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും മാലിന്യ സംസ്‌കരണങ്ങളുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക വിദ്യകളും പ്രവര്‍ത്തന മാതൃകകളും ഉത്പന്നങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 120 ഓളം സംരംഭകരാണ് സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്.22 വരെയാണ് മേള നടക്കുന്നത്.

എല്ലാ മാലിന്യങ്ങളും ഒരു ദുര്‍ഗന്ധവുമില്ലാതെ സംസ്‌കരിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരവധി പദ്ധതികളുണ്ട്. ഇത്തരത്തില്‍ വികേന്ദ്രീകൃത പ്ലാന്റുകളും എട്ടു കേന്ദ്രീകൃത പ്ലാന്റുകളും വരുന്നുണ്ട്. കോഴിക്കോട് ഞെളിയന്‍പറമ്പിലെ മാലിന്യത്തില്‍നിന്ന് ഊര്‍ജ്ജമുത്പാദിപ്പിക്കുന്ന പ്ലാന്റ് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തിരുന്നു. മാലിന്യത്തില്‍നിന്ന് ഊര്‍ജ്ജം മാത്രമല്ല, മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാവുന്നവിധം സാങ്കേതികവിദ്യ വളര്‍ന്നിട്ടുണ്ട്. പണ്ടുകാലത്തെപ്പോലെ സ്വന്തം നാട്ടില്‍ മാലിന്യപ്ലാന്റ് വന്നാല്‍ പ്രശ്‌നമാകുമെന്ന ഭയം മാറ്റാന്‍ ജനങ്ങള്‍ തയാറാകണം.പ്ലാസ്റ്റിക് നിരോധനം യാഥാര്‍ഥ്യമായതോടെ നിരവധി ബദലുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം സംരംഭങ്ങള്‍ നിരവധി തൊഴിലവസരങ്ങളും വളര്‍ത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നവകേരളം കര്‍മപദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, സര്‍ക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദലി, ക്ലീന്‍ കേരള കമ്പനി എം.ഡി പി. കേശവന്‍ നായര്‍, തദ്ദേശസ്വയംഭരണ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സി.പി വിനോദ്, കേരള ഓട്ടോമൊബൈല്‍സ്് എം.ഡി എ. ഷാജഹാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ സ്വാഗതവും കണ്‍സള്‍ട്ടന്റ് എസ്.യു. സഞ്ജീവ് നന്ദിയും പറഞ്ഞു.