തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നാളെ

post

കണ്ണൂര്‍: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുതായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള നിയമന ഉത്തരവ് ലഭിച്ച പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം നാളെ (ഡിസംബര്‍ ഏഴ്) രാവിലെ 10 മണിക്ക് നടക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ നിയമിക്കപ്പെട്ടവര്‍ക്ക് അതത് ബ്ലോക്ക് കേന്ദ്രങ്ങളിലും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി തലങ്ങളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജൂബിലി ഹാളിലുമാണ് പരിശീലനം. നിയമന ഉത്തരവ് ലഭിച്ച മുഴുവന്‍ പേരും ഉത്തരവില്‍ പറഞ്ഞതു പ്രകാരം പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്നു വരെ നടന്ന പരിശീലന ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ഉദ്യോഗസ്ഥരും നാളെ നടക്കുന്ന ക്ലാസ്സില്‍ പങ്കെടുക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.