ഭക്തജനലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യമായി മകരവിളക്ക്

post

പത്തനംതിട്ട : മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണ വിഭൂഷിതനായ ശ്രീധര്‍മ്മശാസ്താവിനെ മനംനിറയെ ദര്‍ശിച്ചു; പൊന്നമ്പലമേട്ടില്‍ മൂന്ന് പ്രാവശ്യം പ്രത്യക്ഷമായ മകരവിളക്ക് നിറഭക്തിയോടെ തൊഴുതു; ശബരിമലയില്‍ ഭക്തജന ലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യം. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍നിന്നും രണ്ടുദിവസം മുമ്പ് പുറപ്പെട്ട്; വിവിധ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി, വൈകുന്നേരം അഞ്ചര മണിയോടെ ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി എസ് രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും അയ്യപ്പസേവാസംഘവും ചേര്‍ന്ന് ആചാരപൂര്‍വ്വം പതിനെട്ടാംപടിയുടെ താഴേയ്ക്ക് സ്വീകരിച്ചാനയിച്ചു. 
പതിനെട്ടാംപടിയ്ക്കലെത്തിയ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, അംഗങ്ങളായ എന്‍ വിജയകുമാര്‍, കെ എസ് രവി, കെ യു ജനീഷ് കുമാര്‍ എം എല്‍ എ, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ജസ്റ്റിസ് അരിജിത് പസായത്ത്, ജില്ലാ കലക്ടര്‍ പി ബി നൂഹ്, ഐ.ജി എസ് ശ്രീജിത്ത്, ശബരിമല  എ.ഡി.എം  എന്‍ എസ് കെ ഉമേഷ്, മറ്റ് ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ചേര്‍ന്ന് ആചാരപൂര്‍വ്വം സ്വീകരിച്ച് ശ്രീകോവിലിലേയ്ക്ക് ആനയിച്ചു. ശ്രീകോവിലില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരിയും ചേര്‍ന്ന് സ്വീകരിച്ചശേഷം തിരുവാഭരണങ്ങള്‍ അയ്യപ്പന് ചാര്‍ത്തി. തുടര്‍ന്ന്, മഹാദീപാരാധന കഴിഞ്ഞയുടന്‍ പൊന്നമ്പമേട്ടില്‍ മകരവിളക്ക് മൂന്ന് പ്രാവശ്യം പ്രത്യക്ഷമായി. അക്ഷരാര്‍ഥത്തില്‍ ജനസമുദ്രമായിത്തീര്‍ന്ന ശബരിമല ശരണമന്ത്രങ്ങളാല്‍ മുഖരിതമായി.