നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

post

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി

തിരുവനന്തപുരം: 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കോവിഡ് പശ്ചാത്തലത്തില്‍ സുഗമമാക്കാന്‍ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിപ്പിന് കൂടുതലായി ആവശ്യമുള്ള സജ്ജീകരണങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ചര്‍ച്ച നടത്തി.

പൊതുവിലുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഒരുക്കങ്ങള്‍ക്ക് പുറമേ, കോവിഡ് സാഹചര്യത്തില്‍ വരാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ വിശദമായി ചര്‍ച്ച ചെയ്തു.

കോവിഡ് സാഹചര്യത്തില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. 16,000 ഓളം ഓക്‌സിലറി ബൂത്തുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി ചെലവ്, മനുഷ്യ വിഭവശേഷി എന്നിവ കൂടുതലായി വേണ്ടിവരും. ഇക്കാര്യങ്ങളിലെ സാധ്യതകളും പ്രായോഗികതകളും യോഗം ചര്‍ച്ച ചെയ്തു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യത്തില്‍ വേണ്ടിവരുന്ന അധിക ക്രമീകരണങ്ങളെക്കുറിച്ചും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അധിക ചെലവുകള്‍ സംബന്ധിച്ച് ധനകാര്യ അഡീ. ചീഫ് സെക്രട്ടറി വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് നടത്തിപ്പിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ സഹായത്തിന് പരിചയസമ്പരായ കൂടുതല്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിക്കുമെന്ന് ചീഫ് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച അധിക ചെലവുകള്‍ക്ക് സപ്ലിമെന്ററി ഫിനാന്‍സ് ഗ്രാന്റിന് അഭ്യര്‍ഥിക്കാന്‍ യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കാനാകുമെന്ന് യോഗം വിലയിരുത്തി.

ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ധനകാര്യ അഡീ. ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗ്, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: രാജന്‍ എന്‍. ഘോബ്രഗഡേ, എ.ഡി.ജി.പി ദര്‍വേശ് സാഹിബ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.