കൂടുതല്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍കാന്‍ നിര്‍ദ്ദേശം

post

കൊല്ലം : ജില്ലയില്‍ പരമാവധി ഗാര്‍ഹിക പൈപ്പ് കണക്ഷനുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി നിര്‍ദ്ദേശം നല്‍കി. കലക്‌ട്രേറ്റില്‍ ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ അവലോകനം നടത്തുകയായിരുന്നു മന്ത്രി. ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി 12,500 പുതിയ കണക്ഷനുകള്‍ നല്‍കണം. നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാട്ടര്‍ കണക്ഷനുകള്‍ക്ക് പുറമേയാണിത്. വരള്‍ച്ചാകാലത്തെ ജലദൗര്‍ലഭ്യ പ്രശ്‌നങ്ങള്‍ മറികടക്കുന്നതിന് കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ പരിപാലിക്കുന്നതിനൊപ്പം പുതിയവ കണ്ടെത്തണം. വരള്‍ച്ച നേരിടുന്നതിന് എം. എല്‍. എ മാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി, ഭൂഗര്‍ഭജല  ജലസേചന  പൊതുമരാമത്ത്  വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ യോഗം വിളിക്കണം. റോഡ് മുറിക്കല്‍ ആവശ്യമായ ഘട്ടങ്ങളില്‍ എം. എല്‍. എ മാരുടെ സഹായത്തോടെ അനുമതി വേഗത്തിലാക്കണം. പൈപ്പ് പൊട്ടലുകള്‍ നിയന്ത്രിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണം. ജലവിതരണ ശൃംഖലയിലെ മര്‍ദ്ദം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം.
2021 മാര്‍ച്ചോടെ ഞാങ്കടവ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയണം. വിളക്കുടിമേലിലവെട്ടിക്കവല പദ്ധതി, മാങ്കോട് പദ്ധതി എന്നിവ ജല്‍ജീവന്‍ മിഷന്റെ ഭാഗമാക്കും. തൊടിയൂര്‍, തഴവ, കുലശേഖരപുരം എന്നിവിടങ്ങളിലായി നാല് കുഴല്‍ക്കിണറുകള്‍ അടിയന്തരമായി സ്ഥാപിക്കണം. കല്ലുവാതുക്കല്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനും നിര്‍ദ്ദേശമുണ്ട്. എം. എല്‍. എമാരായ മുല്ലക്കര രത്‌നാകരന്‍, കോവൂര്‍ കുഞ്ഞുമോന്‍, ജി. എസ്. ജയലാല്‍, എം. നൗഷാദ്, ആര്‍. രാമചന്ദ്രന്‍, വിവിധ എം. എല്‍. എമാരുടെ പ്രതിനിധികള്‍, എ. ഡി. എം. പി. ആര്‍. ഗോപാലകൃഷ്ണന്‍, വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ജി. ശ്രീകുമാര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ ഷംസുദീന്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍മാരായ  സി. സജീവ്, ശ്രീലത, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.